സിജോ പൈനാടത്ത്
കൊച്ചി: ചിരിക്കു പുതിയ മേല്‍വിലാസം കുറിച്ച മിമിക്സ് പരേഡ് വേദിയിലേറിയിട്ട് ഇന്നു നാലു പതിറ്റാണ്ടു തികയുന്നു.
കോമഡി ആസ്വാദകര്‍ക്കു നവ്യാനുഭവം പകര്‍ന്ന കൊച്ചിന് കലാഭവന്റെ ആറു കലാകാരന്മാര് ചേര്‍ന്നു 1981 സെപ്റ്റംബര്‍ 21നാണു മിമിക്സ് പരേഡ് ആദ്യമായി വേദിയില്‍ അവതരിപ്പിച്ചത്.
കൊച്ചിയിലെ ഫൈന്‍ ആര്‍ട്സ് ഹാളില്‍ അന്നു വൈകുന്നേരം 6.30നായിരുന്നു മിമിക്സ് പരേഡിന്റെ ചരിത്രപരമായ അരങ്ങേറ്റം.
സിഎംഐ വൈദികനായിരുന്ന ഫാ. ആബേലിന്റെ മനസിലുദിച്ച മിമിക്സ് പരേഡിന് ആശയപൂര്ണതയും അവതരണമികവും നല്കി വേദിയിലെത്തിച്ച ചിരിസംഘത്തില് ഇന്നു സിനിമാരംഗത്തു പ്രശസ്തരായ സിദ്ദിഖും ലാലും സ്റ്റേജ് ഷോകളിലൂടെ അറിയപ്പെട്ട കെ.എസ്. പ്രസാദും ഉണ്ടായിരുന്നു.
അന്‍സാര്‍, റഹ്മാന്, വര്ക്കിച്ചന് പേട്ട എന്നിവരായിരുന്നു മിമിക്സ് പരേഡിന്റെ ആദ്യ അവതരണത്തിനു വേദിയിലെത്തിയ മറ്റുള്ളവര്‍.
കെ.എസ്. പ്രസാദിന്റെ സഹോദരന് പ്രദീപും സുഹൃത്തും ചേര്‍ന്നാണു 1,500 രൂപയ്ക്കു പരിപാടി ബുക്ക് ചെയ്തത്. ഓരോ ആര്‍ട്ടിസ്റ്റിനും പ്രതിഫലം 100 രൂപ വീതം. 100 രൂപ മുതല്‍ പത്തു രൂപ വരെയുള്ള ടിക്കറ്റുകള്‍ ഏര്‍പ്പെടുത്തിയായിരുന്നു ഷോ.
നൂറു രൂപയുടെ ടിക്കറ്റ് രണ്ടോ മൂന്നോ ആണു വിറ്റുപോയത്. മമ്മൂട്ടിയും ശ്രീനിവാസനും ഉള്‍പ്പടെ നിറഞ്ഞ സദസിന്റെ കൈയടികളോടെയാണു രണ്ടര മണിക്കൂര്‍ നീണ്ട ചരിത്രപരമായ മിമിക്സ് അവതരണത്തിനു തിരശീല വീണത്.
കണ്ഠനാളങ്ങള്കൊണ്ടുള്ള സംഗീതവും കോമഡി സ്കിറ്റുകളും ശബ്ദാനുകരണങ്ങളുമെല്ലാം ചേര്‍ന്നതായിരുന്നു മിമിക്സ് പരേഡ്. ഷോയില്‍ പ്രേംനസീറിന്റെ ശബ്ദം അനുകരിച്ചത് ലാല്‍ ആയിരുന്നു. കെ.പി. ഉമ്മറിനെ സിദ്ദിഖും മികച്ചതാക്കി.
മിമിക്സ് പരേഡിന്റെ ആദ്യ അവതരണത്തിനായി രണ്ടു മാസത്തോളം കലാഭവനില്‍ പരീശീലനം നടത്തിയെന്നു അന്നത്തെ സംഘാംഗവും ഇന്നു കലാഭവന്റെ സെക്രട്ടറിയുമായ കെ.എസ്. പ്രസാദ് ഓര്‍ക്കുന്നു.
അതുവരെ ആരും കേട്ടിട്ടില്ലാതിരുന്ന മിമിക്സ് പരേഡ് ആസ്വാദകര്‍ എത്തരത്തില്‍ ഏറ്റെടുക്കുമെന്ന ആശങ്കയുണ്ടായിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്കായി വിമന്‍സ് ഹാളില്‍ പരിപാടി അവതരിപ്പിച്ചശേഷമായിരുന്നു ഫൈന്‍ ആര്‍ട്സ് ഹാളിലെ ഷോ നടത്തിയതെന്നും പ്രസാദ് പറഞ്ഞു. കലാഭവന്റെ മിമിക്സ് പരേഡ് പ്രമേയമാക്കി സിനിമയും പിന്നീട് പുറത്തിറങ്ങിയിട്ടുണ്ട്.
1969 മുതല്‍ കലാഭവന്‍ ഗാനമേളകള്‍ അവതരിപ്പിച്ചിരുന്നു. മിമിക്സ് പരേഡിന്റെ ആദ്യ ഷോയിലെ ആറു പേരും 1984 വരെ കലാഭവന്റെ ഭാഗമായിരുന്നു. ശേഷം ഹരിശ്രീ അശോകന്, എന്‍.എഫ്. വര്‍ഗീസ്, ജയറാം എന്നിവരെല്ലാം കലാഭവനിലെത്തി.