കൊച്ചി: പുതുവര്‍ഷപ്പിറവിക്ക് കത്തിക്കാന്‍ കൊച്ചിന് കാര്‍ണിവലില്‍ ഒരുക്കിയ പാപ്പാഞ്ഞിയുടെ രൂപത്തെ ചൊല്ലി വിവാദം.
പാപ്പാഞ്ഞിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപ സാദൃശ്യമുണ്ടെന്ന ആരോപണവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ മുഖം മാറ്റി താല്കാലികമായി പ്രശ്നം പരിഹരിച്ചു. ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് പാപ്പാഞ്ഞിയുടെ നിര്‍മാണം നടക്കുന്നത്.
നരേന്ദ്ര മോദിയുടെ രൂപ സാദൃശ്യമുണ്ടെന്നും അതുകൊണ്ടു തന്നെ പാപ്പാഞ്ഞിയെ കത്തിക്കാനാവില്ലെന്നും ബിജെപി നിലപാടെടുത്തു.
ഒടുവില്‍ പോലീസ് ഇടപെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പാപ്പാഞ്ഞിയുടെ രൂപം മാറ്റി നിര്‍മിക്കാന്‍ ധാരണയായി. തുടര്‍ന്ന് കാര്‍ണിവല്‍ കമ്മിറ്റി ഭാരവാഹികള്‍ ഓദ്യോഗികമായി ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
കൊച്ചിന് കാര്‍ണിവല്‍ സമിതിയാണ് പരിപാടിയുടെ സംഘാടകര്‍. പുതു വര്‍ഷത്തിനെ വരവേറ്റ് കൊണ്ട് ഡിസംബർ 31 ന് രാത്രി കത്തിക്കുന്നതിനാണ് പാപ്പാഞ്ഞിയെ ഒരുക്കുന്നത്.
തിന്മയ്ക്കുമേല് നന്മ വിജയിക്കുന്നു എന്നതാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നതിലൂടെ നല്കുന്ന സന്ദേശം. കൊച്ചിയുടെ പുതുവര്‍ഷാഘോഷങ്ങളുടെ തുടക്കവും ഇതോടെയാണ്.