ഷൊർണൂർ: കൊച്ചിൻപാലം ടോൾപിരിവിൽ പ്രതിഷേധം ശക്തമായി. ടോൾപിരിവ് തുടങ്ങി പതിനഞ്ചുവർഷമായിട്ടും അധികൃതർ ഇത് അവസാനിപ്പിക്കാത്തതിനെതിരേയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്. ഇനിയും ആറുവർഷം കൂടി ടോൾപിരിവ് തുടരാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനമെന്നാണ് സൂചന.
പാലം നിർമിച്ച കാലംമുതൽ തന്നെ ടോൾപിരിവും നടക്കുന്നുണ്ട്. പത്തുകോടി രൂപയ്ക്കു മുകളിൽ ചെലവുവന്ന പാലങ്ങളുടെ ടോൾ പിരിവുകളൊന്നും നിർത്തിയിട്ടില്ലെന്നാണ് പി.ഡബ്ല്യുഡി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.ഇതുകൊണ്ടുതന്നെ കൊച്ചിൻപാലത്തിന്റെ ടോൾ പിരിവ് ഇരുപതുവർഷത്തേക്കാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2003-ലാണ് ഇവിടെ ടോൾപിരിവ് തുടങ്ങിയത്. 2023 വരേയ്ക്ക് ഇതു നീട്ടാനാണ് തീരുമാനമെന്നാണ് സൂചന. പിരിവു നടത്താൻ പുതിയ കരാറുകാരനായി ദർഘാസ് ക്ഷണിച്ചതായും അറിയുന്നു. രാപകൽവ്യത്യാസമില്ലാതെ ടോൾ പിരിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
നിർബന്ധപൂർവം വാഹനങ്ങൾ തടഞ്ഞാണ് പണപിരിവ് നടക്കുന്നത്. ഇതുമൂലം യാത്രക്കാരുമായി വാക്കേറ്റവും കശപിശയും പതിവാണ്.2002-ലാണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്. ബസുകൾക്ക് 15 രൂപയും കാർ ഉൾപ്പെടെയുള്ളവയ്ക്ക് മൂന്നു രൂപയുമാണ് പിരിവ്.
പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് കൊച്ചിൻ പാലത്തിലൂടെ കടന്നുപോകുന്നത്. തൃശൂർ-എറണാകുളം പ്രധാന പാതയിലാണ് കൊച്ചിൻപാലം.തൃശൂർ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് ആംബലുൻസുകൾ ഇതുവഴിയാണ് കടന്നുപോകുന്നത്. അത്യാഹിത വാഹനങ്ങൾ കടന്നുപോകുന്നത് ഉൾപ്പെടെയുള്ളവയ്ക്ക് ടോൾ ബൂത്ത് പ്രശ്നമാകും.