കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല കപ്പൽശാലയായ കൊച്ചി കപ്പൽശാലയുടെ ഓഹരികൾ ഇന്നു സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
വില്പനയ്ക്കുവച്ച ഓഹരികളേക്കാൾ 76.11 മടങ്ങ് അപേക്ഷകർ ഉണ്ടായ സാഹചര്യത്തിൽ അപേക്ഷകൾക്ക് ആനുപാതികമായ തരത്തിലാണു ഓഹരികളുടെ അലോട്ട്മെന്റ് നടത്തിയത്. അലോട്ട്മെന്റ് നടപടികൾ ഇന്നലെ പൂർത്തിയാക്കി.
ഈ ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ഇന്നു മുതൽ സാധാരണ നിലയിലുള്ള വ്യാപാരത്തിനു ലഭിക്കും. ഈ മാസം ഒന്നു മുതൽ മൂന്നുവരെയായിരുന്നു കപ്പൽശാലയുടെ 10 രൂപ മുഖവിലയുള്ള 3,39,84,000 ഓഹരികൾ വില്പനയ്ക്കുവച്ചിരുന്നത്.
ഉയർന്ന വിലനിലവാരമായ 432 രൂപയ്ക്കാണ് വിൽപന നടത്തിയത്. ചെറുകിടക്കാർക്കും കപ്പൽശാല ജീവനക്കാർക്കും ഇളവ് നൽകിയിരുന്നു.