മട്ടാഞ്ചേരി: കൊച്ചിയിലെ ജനകീയ ഗായകൻ കൊച്ചിൻ ആസാദ് ( 62 ) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഹിന്ദി പിന്നണി ഗായകൻ മുഹമ്മദ് റാഫിയുടെ ഗാനങ്ങൾ ആലപിച്ചു കൊണ്ട് രംഗത്തെത്തിയ ആസാദ് നിരവധി ഗാനമേളകളിൽ നിറസാന്നിധ്യമായിരുന്നു. വിവാഹ വേദികളിലും അസാദിന്റെ പാട്ടുകൾ ഒഴിച്ചുകൂടാനാവാത്തതായിരുന്നു. കബറടക്കം ഇന്ന് വൈകിട്ട് മൂന്നിന് പള്ളുരുത്തി തങ്ങൾ നഗർ മുഹമ്മദ് പള്ളി ഖബർസ്ഥാനിൽ. ഭാര്യ: സക്കീന, മക്കൾ: നിഷാദ് ,ബിജു, മരുമക്കൾ: ഷംജ, ഫെമീന.
വിടപറഞ്ഞത് റാഫി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ആസാദ്
കൊച്ചി: അനശ്വരഗായകന് മുഹമ്മദ് റാഫിയുടെ ശബ്ദം ചുണ്ടുകളില്‍ ആവാഹിച്ചെടുത്ത ഗായകന് എന്നാണ് കൊച്ചിന് ആസാദ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി നിരവധി വേദികളില്‍ സജീവമായിരുന്ന ആസാദ് മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ മാത്രമാണ് ആലപിച്ചിരുന്നത്. ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ ആയിരത്തിലധികം വേദികളില്‍ റാഫിയുടെ ഗാനങ്ങള്‍ ഇദേഹം ആലപിച്ചിട്ടുണ്ട്.
മട്ടാഞ്ചേരിയിലെ മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര സംഘടിപ്പിക്കുന്ന റാഫി നൈറ്റില്‍ സ്ഥിരമായി ആസാദ് പാടാറുണ്ടായിരുന്നു. മറ്റു ട്രൂപ്പുകളിലും സജീവമായിരുന്നു.പിതാവ് പരേതനായ യൂസഫാണ് ആസാദിന് റാഫി ഗാനങ്ങള്‍ പരിചയപ്പെടുത്തിയത്. യൂസഫും നന്നായി ഹിന്ദി ഗാനങ്ങള്‍ ആലപിച്ചിരുന്നു.
1977 ല്‍ ബഹ്റൈനിലേക്ക് പോയ അവിടെ ഒരു ഹെയര്‍ കട്ടിംല് സലൂണില്‍ ജോലി ചെയ്തു. അവിടെയും ആസാദ് സംഗീതപരിപാടികളില്‍ സജീവമായിരുന്നു. അവിടുത്തെ മലയാളി അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങളില്‍ പാടാന്‍ എന്നും ആസാദ് എത്തുമായിരുന്നു. നിരവധി സ്റ്റേജ് ഷോകളിലും പങ്കാളിയായി. തുടര്‍ന്ന് നാട്ടിലെത്തിയ ആസാദ് 2003 ല്‍ പാലസ് റോഡില്‍ ജന്റ്സ് ബ്യൂട്ടി സലൂണ്‍ ആരംഭിച്ചു. റാഫിയുടെ അഞ്ഞൂറിലേറെ പാട്ടുകള്‍ വിവിധ വേദികളില്‍ പാടാറുണ്ടായിരുന്നെങ്കിലും ഓ ദുനിയാ കേ രഖ് വാലേ എന്ന ഗാനമായിരുന്നു ആസാദിന് ഏറെയിഷ്ടം.