സിജോ പൈനാടത്ത്
കൊച്ചി: കോവിഡും ലോക്ഡൗണും മൂലം ജനം പൊറുതിമുട്ടുന്ന കാലത്തും ഇടനിലക്കാരുടെ ചൂഷണത്തിനു കുറവില്ല.
കേരളത്തിലെ തൊഴിലിടങ്ങള്‍ ഏറെയും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതു യാത്രാക്കൂലിയില്‍.
ട്രെയിനുകള്‍ കൂടുതലും റദ്ദാക്കിയതോടെ, ആസാം, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളിലേക്കു ബസുകളില്‍ യാത്ര തരപ്പെടുത്തി നല്‍കിയാണ് ഇടനിലക്കാര്‍ ചൂഷണത്തിന്റെ പുതിയ സാധ്യത തുറക്കുന്നത്.
സീറ്റൊന്നിന് 500 മുതല്‍ രണ്ടായിരം രൂപ വരെ അധികമായി വാങ്ങിയാണ് അവർ തൊഴിലാളികളെ പിഴിയുന്നത്.
ഏതാനും ആഴ്ചകളായി കൊച്ചിയില്‍ നിന്നു നിരവധി വാഹനങ്ങളാണ് ഉത്തരേന്ത്യയിലേക്കു തൊഴിലാളികളുമായി സര്‍വീസ് നടത്തിയത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചാണ് വാഹനങ്ങള്‍ പുറപ്പെടുന്നത്.
സീറ്റൊന്നിന് 2,500 രൂപ മുതല്‍ 3,000 രൂപ വരെയാണ് ബസുടമകള്‍ക്കു നല്‍കേണ്ടത്. എന്നാല്‍ തങ്ങളില്‍ നിന്ന് ഇടനിലക്കാര്‍ 5,000 രൂപ വരെ വാങ്ങിയെന്നു തൊഴിലാളികള്‍ പറയുന്നു.
റെയില്‍വേ, ബസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് ഇടനിലക്കാരുടെ പ്രവര്‍ത്തനം. നാട്ടിലേക്കുള്ള യാത്രയ്ക്കു വഴി തേടുന്ന തൊഴിലാളികളെ വലയിലാക്കിയാണ് പണം വാങ്ങുന്നത്.
കഴിഞ്ഞ ദിവസം ആസാമിലേക്കു 35 തൊഴിലാളികളുമായി പോയ ബസില്‍ ആളൊന്നിന് 5,000 രൂപ വീതമാണ് ഇടനിലക്കാര്‍ വാങ്ങിയതെങ്കിലും ബസുടമയ്ക്കു നല്‍കിയത് 2,750 രൂപ.
യാത്രക്കൂലി തൊഴിലാളികളില്‍നിന്ന് വാങ്ങുന്നതും ബസുടമകള്‍ക്കു നല്‍കുന്നതും ഇടനിലക്കാര്‍ തന്നെ. ഓരോ ട്രിപ്പിന്റെയും പകുതി തുകയാണ് ആദ്യം നല്‍കുക.
ട്രിപ്പ് തിരിച്ചെത്തിയശേഷം ബാക്കി തുക തരാതെ ഭീഷണിപ്പെടുത്തലുണ്ടെന്നും വാഹന ഉടമകള്‍ പരാതിപ്പെടുന്നു.
നേരത്തെ കേരളത്തില്‍ നിന്ന് വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു തൊഴിലാളികളുമായി പോയ ഏതാനും ബസുകള്‍ തിരിച്ചുവരാനാകാതെ കുടുങ്ങിക്കിടക്കുന്നതു ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മടക്കയാത്രയില്‍ കേരളത്തിലേക്കുള്ള തൊഴിലാളികള്‍ ഉണ്ടാകുമെന്ന ഏജന്റുമാരുടെ വാക്കു വിശ്വസിച്ചു ട്രിപ്പ് ഏറ്റെടുത്തവരാണ് അവിടെ കുടുങ്ങിയതിലേറെയും.
ലോക്ഡൗണ്‍ പൂര്‍ണമായും മാറാതെ തൊഴിലാളികള്‍ കേരളത്തിലേക്കു വരാന്‍ മടിക്കുകയാണ്. ഇക്കാര്യത്തില്‍ ഇടനിലക്കാര്‍ കൈമലര്‍ത്തുകയാണെന്ന് ബസുടമകള്‍ പറയുന്നു.
സര്‍ക്കാര്‍ ഇടപെടലിലൂടെ കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കു കൊണ്ടുപോകുന്നതിന് ഏകീകൃത നിരക്ക് നിശ്ചയിച്ചിരുന്നു. ഇതാണ് ഇടനിലക്കാര്‍ ഇല്ലാതാക്കുന്നത്.