കൊച്ചി: നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നടന് മമ്മൂട്ടി ആഹ്വാനം ചെയ്ത സ്മാര്‍ട്ട് ഫോണ്‍ ചലഞ്ച് ഹിറ്റായി.
വിദ്യാമൃതം എന്ന പേരില്‍ നടത്തിയ ചലഞ്ചില്‍ യുവ താരങ്ങളടക്കം നിരവധി പേര് സഹായമെത്തിച്ചതായി പദ്ധതിയുടെ സംഘാടകരായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ അധികൃതര്‍ അറിയിച്ചു.
പദ്ധതി പ്രഖ്യാപിച്ച ആദ്യദിനംതന്നെ തിരുവനന്തപുരം താജ് വിവന്ത് പുതിയ ഫോണ്‍ നല്കി. കൊട്ടാരക്കര ആസ്ഥാനമായ എംജിഎം സ്കൂള്‍ ഗ്രൂപ്പ്, കോട്ടയം കേന്ദ്രമായ ക്യുആര്‍എസ് ഹോം അപ്ലൈന്‍സ്,
കോയമ്പത്തൂര്‍ ആസ്ഥാനമായ പവിഴം ജ്വല്ലറി, പാമ്പാടി അഡോള് ഗ്ലാസ് എന്നിവരും ഫോണ്‍ ചലഞ്ചിലേക്കു ഫോണുകളെത്തിച്ചു. നടനും നിര്‍മാതാവുമായ യുവനടന് അഞ്ചു ഫോണുകള്‍ക്കുള്ള പണം കൈമാറി.
ഉപയോഗയോഗ്യമായ പഴയ ഫോണുകളും ലഭിക്കുന്നുണ്ട്. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ ചിലര്‍ ലാപ്ടോപ്പും കൈമാറുന്നു. ഉപയോഗിച്ച ഫോണുകൾ ഫോര്‍മാറ്റ് ചെയ്ത ശേഷമാകും കുട്ടികള്‍ക്ക് കൈമാറുക.
ലഭിച്ച അപേക്ഷകളുടെ എണ്ണം ഏഴായിരം കടന്നതോടെ പുതിയ അപേക്ഷകള്‍ തല്കാലം സ്വീകരിക്കേണ്ടെന്നാണു തീരുമാനമെന്നു കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴ അറിയിച്ചു. അനാഥാലയങ്ങളിലും ട്രൈബല്‍ മേഖലയിലുമുള്ള കുട്ടികള്‍ക്കാണു മുൻഗണന.