കൊച്ചി: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ബോംബ് സ്ഫോടനം നടത്തുമെന്നു ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ എന്‍ഐഎയും ഇടപെടുന്നു.
വിഷയത്തില്‍ എന്‍ഐഎ സംഘം വിവരങ്ങള്‍ ആരാഞ്ഞതായാണു ലഭിക്കുന്ന വിവരങ്ങള്‍. വരും ദിവസങ്ങളില്‍ എന്‍ഐഎ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യുമെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
ഇന്നലെ കൊച്ചിയിലെത്തിച്ച പ്രതികളെ സംബന്ധിച്ച് എന്‍ഐഎ സംഘം പ്രാഥമിക വിവരങ്ങള്‍ തേടി. അതിനിടെ, വിഷയത്തില്‍ വിവിധ ഏജന്‍സികളുടെ അന്വേഷണം ഉണ്ടാകുമെന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.
പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്നാകും തുടര്‍ അന്വേഷണവും കൂടുതല്‍ ചോദ്യം ചെയ്യലും നടത്തുക.
ഡല്‍ഹി സ്വദേശി നിധിന് ഏലിയാസ് ഹാലിദ്, ഹരിയാന സ്വദേശി ഹക്കം എന്നിവരെയാണ് കൊച്ചിയില്‍നിന്നുള്ള പ്രത്യേക പോലീസ് സംഘം ഹരിയാനയില്‍നിന്നു പിടികൂടിയത്. ഇന്നലെ കൊച്ചിയിലെത്തിച്ച പ്രതികളെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തിരുന്നു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു കേരളത്തിന്റെ വിവിധയിടങ്ങളില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് കഴിഞ്ഞ 25ന് എറണാകുളം നോര്‍ത്ത് എസ്ഐ അനസിനാണു മൊബൈലില്‍ ഭീഷണി സന്ദേശം ലഭിച്ചത്.
തുടര്‍ന്നു കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണു നോര്‍ത്ത് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഹക്കമിന്റെ ഫോണില്‍നിന്നും നിധിന് ഏലിയാസ് ഹാലിദാണു സന്ദേശം അയച്ചതെന്നാണു വിവരം.
പ്രതികള്‍ക്കു തീവ്രവാദ ബന്ധമുള്ള ഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണു വിവിധ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്.