കൊച്ചി: നഗരത്തിലെ നിരത്തുകളില്‍ കൂടി വാഹനങ്ങളില്‍ ഇനി ചീറിപ്പായാമെന്നു കരുതണ്ട. നിയമലംഘനം ഉദ്യോഗസ്ഥര്‍ കണ്ടില്ലെങ്കിലും അതെല്ലാം ഒപ്പിയെടുക്കാൻ കാമറക്കണ്ണുകളുണ്ടാകും.
സ്മാര്‍ട്ട് മിഷന് പദ്ധതിയുടെ ഭാഗമായാണ് നഗരത്തിലെ ഗതാഗത നിയന്ത്രണം ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നത്. നിയമലംഘകരെ കൈയോടെ പിടികൂടാനും തിരക്കേറിയ കൊച്ചി നഗരത്തില്‍ കാല്‍നടയാത്ര സുഗമമാകാനും ഇതു വഴിവയ്ക്കും.
ടെക്നോളജി ബേയ്സ്ഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐടിഎംഎസ്) ആണു കൊച്ചിയില്‍ ഗതാഗത നിയന്ത്രണത്തിനായി ഒരുക്കിയിരിക്കുന്നത്.
വെഹിക്കിള്‍ ആക്യുവേറ്റഡ് സിഗ്നലുകള്‍, കാല്‍നടക്കാര്‍ക്കു റോഡ് കുറുകെ കടക്കാന്‍ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന പെലിക്കണ്‍ സിഗ്നല്‍, മൂന്ന് മോഡുകളില്‍ ഏരിയ ട്രാഫിക് മാനേജ്മെന്റ്, നിരീക്ഷണക്കാമറകള്‍, ചുവപ്പ് ലൈറ്റ് ലംഘനം നടത്തുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം, നഗരത്തിലെ അപ്പപ്പോഴുള്ള ഗതാഗത പ്രശ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍, നിയന്ത്രണ കേന്ദ്രം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി കെല്‍ട്രോണ്‍ സജ്ജമാക്കിയിട്ടുള്ളത്.
19നു മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം നിര്‍വഹിക്കും.
പച്ച സിഗ്നലിനു കാക്കേണ്ട
നഗരത്തിലെ തിരക്കനുസരിച്ചു സ്വയം പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ ആക്യുവേറ്റഡ് സിഗ്നലുകളാണ് പ്രധാന ആകര്‍ഷണം. നിലവിലെ സംവിധാനമനുസരിച്ച് റോഡില്‍ വാഹനമില്ലെങ്കിലും പച്ച സിഗ്നല്‍ തെളിയുന്നത് വരെ വാഹനങ്ങള്‍ കാത്തുകിടക്കേണ്ട അവസ്ഥയാണുള്ളത്.
ഐടിഎംഎസ് എത്തുന്നതോടെ ഈ ബുദ്ധിമുട്ട് ഒഴിവാകും. വാഹനങ്ങളുള്ള ട്രാക്കിനും ഇല്ലാത്ത ട്രാക്കിനും വ്യത്യസ്ത പരിഗണന നല്‍കിയാകും സിഗ്നലുകള്‍ പ്രവര്‍ത്തിക്കുക.
റഡാര്‍ സംവിധാനം ഉപയോഗിച്ച് വാഹനത്തിരക്ക് അനുസരിച്ച് ഓട്ടോമാറ്റിക്കായി സിഗ്നല്‍ സമയം ക്രമീകരിക്കും. കൊച്ചി നഗരത്തിലും പുറത്തുമായി 21 പ്രധാന ജംഗ്ഷനുകളിലാണ് സിഗ്നലുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
രാത്രിദൃശ്യങ്ങളും കാമറ പകര്‍ത്തും
ട്രാഫിക് സിഗ്നല്‍ നിയന്ത്രണത്തിനൊപ്പം ഗതാഗത നിയമലംഘനം പിടികൂടാനും ഐടിഎംഎസ് സഹായിക്കും. റെഡ് ലൈറ്റ് ലംഘിക്കുന്നവരെ പിടികൂടാൻ നവീന കാമറകൾ സിസ്റ്റത്തിന്റെ ഭാഗമായുണ്ട്. ഇതിനായി 35 കേന്ദ്രങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചു.
രാത്രിയിലും മോശം കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങള്‍ ഈ കാമറകള്‍ പകര്‍ത്തും. മൂന്ന് മോഡുകളില്‍ ഏരിയ ട്രാഫിക് മാനേജ്മെന്റ്, നിരീക്ഷണക്കാമറകള്‍, നഗരത്തിലെ അപ്പപ്പോഴുള്ള ഗതാഗതപ്രശ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍, നിയന്ത്രണ കേന്ദ്രം എന്നിവയാണ് പദ്ധതിയുടെ ഭാഗമായുള്ള മറ്റു സേവനങ്ങള്‍.
കാല്‍നടയാത്രക്കാര്‍ക്ക് റോഡ് കുറുകെ കടക്കാന്‍ പെലിക്കണ്‍ സിഗ്നലുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. തിരക്കേറിയ ഷണ്മുഖം റോഡ്, മേനക ജംഗ്ഷന്,കലൂര്‍ പള്ളി സ്റ്റോപ്പ്, ഇടപ്പള്ളി പള്ളി സ്റ്റോപ്പ് എന്നിവിടങ്ങളിലാണ് പെലിക്കണ്‍ സിഗ്നലുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
പ്രത്യേകം സംവിധാനം ചെയ്ത സ്വിച്ചിലൂടെ കാല്‍നട യാത്രക്കാര്‍ക്കു തന്നെ ട്രാഫിക് നിയന്ത്രിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഒറ്റ നിയന്ത്രണ കേന്ദ്രം
സെന്‍ട്രല്‍ കണ്ട്രോള് സിസ്റ്റം വഴി ഐടിഎംഎസ് സ്ഥാപിച്ച ജംഗ്ഷനുകളുടെ നിയന്ത്രണം ഒരു കേന്ദ്രത്തില്‍നിന്നു നടത്താനാകും. മുഴുവന്‍ കേന്ദ്രങ്ങളിലെയും വിവരങ്ങള്‍ കാണാനും ആവശ്യമായ പരിഷ്കാരങ്ങള്‍ നടത്താനും ഇതിലൂടെ കഴിയും.
റവന്യു ടവറില്‍ ഒരുക്കുന്ന കണ്ട്രോള് സെന്ററില്‍ ഗതാഗതം നിരീക്ഷിക്കും. നിര്‍ദേശങ്ങള്‍ നല്‍കാനും സൗകര്യമുണ്ട്. അഞ്ച് വര്‍ഷത്തെ പരിപാലനവും ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവുമുള്‍പ്പടെ 26 കോടി രൂപയ്ക്കാണ് പദ്ധതി കെല്‍ട്രോണ്‍ നടപ്പാക്കിയത്.