കാബൂൾ: അഫ്ഗാനിസ്ഥാനിലെ ദേശീയ വനിതാ ജൂണിയർ വോളിബോൾ താരത്തെ താലിബാൻ ഭീകരർ തലയറത്തു കൊലപ്പെടുത്തി. മഹ്ജബിൻ ഹക്കീമിയാണു താലിബാന്റെ കൊടും ക്രൂരതയ്ക്കിരയായത്.
വോളിബോൾ ടീം കോച്ച് പേർഷ്യൻ ഇൻഡിപെൻഡന്റിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ മാസം ആദ്യമാണു മഹ്ജബിൻ കൊല്ലപ്പെട്ടത്.
കൊലപാതകവിവരം പുറത്തുപറയരുതെന്നു മഹ്ജബിന്റെ കുടുംബത്തെ താലിബാൻ ഭീകരർ ഭീഷണിപ്പെടുത്തിയിരുന്നതായി കോച്ച് പറഞ്ഞു.
മെഹ്ജബിന്റെ അറ്റുപോയ തലയുടെയും രക്തക്കറയുള്ള കഴുത്തിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണു കോച്ചിന്റെ വെളിപ്പെടുത്തൽ.
കാബൂൾ മുനിസിപ്പാലിറ്റി വോളിബോൾ ക്ലബിലെ പ്രഗല്ഭ താരമായിരുന്നു മഹ്ജബിൻ. ഓഗസ്റ്റ് 15നു താലിബാൻ അഫ്ഗാനിസ്ഥാൻ ഭരണം പിടിക്കുന്നതിനു മുന്പ് രണ്ടു താരങ്ങൾക്കു മാത്രമാണ് രാജ്യം വിടാൻ കഴിഞ്ഞത്.
മറ്റു താരങ്ങളെല്ലാം ഭീതിയോടെയാണു രാജ്യത്തു കഴിയുന്നത്. മുന്പു താരങ്ങൾ ആഭ്യന്തര, വിദേശ ടൂർണമെന്റുകളിൽ മത്സരിച്ചതും ചാനൽ പരിപാടികളിൽ പങ്കെടുത്തതുമാണു താലിബാനെ പ്രകോപിപ്പിച്ചത്.
കഴിഞ്ഞയാഴ്ച ഫിഫയും ഖത്തർ സർക്കാരും ചേർന്ന് അഫ്ഗാനിസ്ഥാനിൽനിന്ന് ദേശീയ താരങ്ങളടക്കം 100 വനിതാ ഫുട്ബോൾ താരങ്ങളെയും കുടുംബാംഗങ്ങളെയും ഒഴിപ്പിച്ചിരുന്നു