സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചി മെട്രോയിൽ ഇരുവശത്തേക്കും ഒരേ ടിക്കറ്റിൽ യാത്രചെയ്യുന്നവർക്ക് നിരക്കിൽ 50 ശതമാനം ഇളവുമായി കെഎംആർഎൽ. പുതിയ പാക്കേജ്പ്രകാരം മടക്കയാത്ര തികച്ചും സൗജന്യം. അതായത്, ആലുവ മുതൽ ഹാരാജാസ് കോളജ് ഗ്രൗണ്ട് വരെ പോയി തിരികെ ആലുവയിലെത്താൻ 50 രൂപ മാത്രം. ഇതുവരെ ഒരു വശത്തേക്കു മാത്രമുള്ള യാത്രയക്ക് 50 രൂപയായിരുന്നു നിരക്ക്. കൂടുതൽ യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നിരക്ക് ഇളവ് ഇന്നലെപ്രാബല്യത്തിൽ വന്നു.
പരീക്ഷണാടിസ്ഥാനത്തിൽ അടുത്ത മാസം 23 വരെയായിരിക്കും ഇളവു ലഭിക്കുക. പദ്ധതി വിജയകരമെന്നു കണ്ടാൽ ഇളവിന്റെ കാലാവധി നീട്ടിയേക്കും. സ്ഥിരം യാത്രക്കാർക്കു പ്രയോജനകരമായ മറ്റു ടിക്കറ്റിംഗ് സംവിധാനങ്ങളും ആവിഷ്കരിച്ചിട്ടുണ്ടെന്നു കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് അറിയിച്ചു. ഒരു വശത്തേക്കുള്ള യാത്രയ്ക്കൊപ്പം റിട്ടേണ്‍ ജേർണി ടിക്കറ്റ് (ആർജെടി) എടുക്കുന്നവർക്കാണ് ഇളവു ലഭിക്കുക.
ആലുവയിൽ നിന്നു മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷൻ വരെയും തിരിച്ചും യാത്ര ചെയ്യുന്ന ആൾ ഒരു വശത്തേക്കുള്ള നിരക്കായ 50 രൂപ നൽകിയാൽ മതിയെന്ന് സാരം. ഒരു വശത്തേക്കുള്ള സിംഗിൾ ജേർണി ടിക്കറ്റിംഗിലും ഇളവു കൊണ്ടുവരുന്ന കാര്യം ആലോചനയിലുണ്ട്. നിലവിൽ കൊച്ചി വണ്‍ കാർഡ് ഉപയോഗിക്കുന്നവർക്കു യാത്രാനിരക്കിൽ 20 ശതമാനം ഇളവു ലഭിക്കുന്നുണ്ട്. ഇതിനു പുറമെ 10 ശതമാനം കാഷ് ബാക്കായി ബാങ്ക് അക്കൗണ്ടിലും ലഭിക്കും.സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ട് ഒട്ടേറെ പുതിയ പദ്ധതികളും കെഎംആർഎൽ ആവിഷ്കരിച്ചിട്ടുണ്ട്.
വിദ്യാർഥികൾക്കായി സ്റ്റുഡന്റ്പാസ്, ദിവസ യാത്രക്കാർക്കായി ഡെയ്ലി പാസ്, മന്ത്ലി പാസ്, അവധിദിവസങ്ങളിലെ യാത്രക്കാർക്കായി വീക്കെൻഡ് പാസ് , വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് സീസണ്‍പാസ് എന്നിവ. ഇവയ്ക്കെല്ലാം നിശ്ചിത ശതമാനം ഇളവുണ്ടാകും. ഇളവ് എത്രയൊക്കെയാണെന്നു കഐംആർഎൽ വ്യക്തമാക്കിയിട്ടില്ല. ഡിസംബറിനുള്ളിൽ പുതിയ പാസുകൾ യാത്രക്കാരിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി സോഫ്റ്റ് വെയർ വികസിപ്പിക്കുന്ന ജോലികൾ നടന്നുവരികയാണ്.
മുഹമ്മദ് ഹനീഷ് എംഡിയായി ചുമതലയേറ്റ് രണ്ടാഴ്ച മാത്രം പിന്നിടുന്നതിനിടെയാണു യാത്രക്കാർക്കു പ്രയോജനകരമായ ചുവടുവയ്പ്പുമായി കൊച്ചി മെട്രോ കൂടുതൽ ജനകീയമാകുന്നത്. പുതുതായി തുറന്ന പാലാരിവട്ടം-മഹാരാജാസ് പാത ഒഴിവാക്കിയാൽ നിലവിൽ ഇടപ്പള്ളി, ആലുവ സ്റ്റേഷനുകളിൽ മാത്രമേ പ്രതീക്ഷയ്ക്കൊത്ത യാത്രക്കാരെ കിട്ടുന്നുള്ളൂ. രാവിലെയും വൈകുന്നേരവും ഒഴികെയുള്ള സമയങ്ങളിൽ മറ്റു സ്റ്റേഷനുകളിൽ ഒരാൾ പോലും കയറാനുണ്ടാകില്ല. സാധാരണക്കാരന് അപ്രാപ്യമായ നിരക്കും ഫീഡർ സർവീസുകളുടെ അഭാവവുമാണു യാത്രക്കാരെ മെട്രോയിൽ നിന്നു പിന്തിരിപ്പിക്കുന്നത്.
ഫീഡർ സർവീസുകൾ ഏർപ്പെടുത്താൻ ഒരുപരിധിവരെ കെഎംആർഎലിനു കഴിഞ്ഞെങ്കിലും യാത്രാനിരക്കിൽ മാറ്റം കൊണ്ടുവരാനായില്ല. മെട്രോ ഉദ്ഘാടനം നടന്ന് ഒരുമാസമായപ്പോൾ മുതലേ നിരക്കു കുറയ്ക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. മെട്രോ ജനകീയവും ലാഭകരവുമാകാൻ ടിക്കറ്റ് നിരക്കു കുറയ്ക്കുന്നതാണ് ഉചിതമായ മാർഗമെന്ന് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് കൂടിയ മെട്രോമാൻ ഇ.ശ്രീധരനും അഭിപ്രായപ്പെടുകയുണ്ടായി.
നിരക്കു കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു കെഎംആർഎൽ മുൻ എംഡി ഏലിയാസ് ജോർജും വ്യക്തമാക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ മെട്രോ നിരക്ക് കുറയ്ക്കാനാകില്ലെന്നു പ്രഖ്യാപിച്ചതോടെ അതിനുള്ള വാതിൽ അടഞ്ഞു. പിന്നീടാണ് ഇളവു നൽകുന്ന പദ്ധതികളെക്കുറിച്ച് അധികൃതർ ആലോചിച്ചത്. പുതിയ എംഡിയായി ചുമതലയേറ്റപ്പോൾതന്നെ മെട്രോ നിരക്കിലെ പ്രത്യേക ഇളവുകളുടെ കാര്യം മുഹമ്മദ് ഹനീഷ് സൂചിപ്പിച്ചിരുന്നു.