കൊച്ചി: എറണാകുളം അയ്യപ്പന്‍കാവില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ കടന്നുപിടിക്കുകയും, ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസുകാരിയെ കുളിമുറിയിലെ ബക്കറ്റില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ തമിഴ്നാട് സ്വദേശിയും തൃശൂര്‍ ഒല്ലുക്കാര വിഎംഐ അനാഥാലയത്തിലെ അന്തേവാസിയുമായിരുന്ന അബൂബക്കര്‍ സിദ്ദീഖി(27) നെ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭംവം. കാക്കനാട് സ്മാര്‍ട് സിറ്റിയിലെ ജീവനക്കാരനും തെലുങ്കാന സ്വദേശിയുമായ യുവാവിന്റെ ഭാര്യയും മകളുമാണ് അതിക്രമിക്കപ്പെട്ടത്.
പ്രതി മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന് എറണാകുളം നോര്‍ത്ത് പോലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും.
അനാഥലയത്തില്നിന്ന് പുറത്തിറങ്ങിയ അബൂബക്കര്‍ ഏറെക്കാലമായി അങ്കമാലി ഭാഗത്താണ് ഉണ്ടായിരുന്നത്. കഴിഞ്ഞിടെയാണ് കൊച്ചിയിലെത്തിയത്.
സംഭവ ദിവസം വൈകിട്ട് അയ്യപ്പന്കാവിലുണ്ടായിരുന്ന അബൂബക്കര്‍ യാതൊരു പ്രകോപനവും കൂടാതെ ഇവരുടെ വാടകവീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.