ആലുവ: സിനിമാ ഷൂട്ടിംഗിനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആറായിരം രൂപയുടെ സിഗരറ്റും കോഴിമുട്ടയുമായി യുവാവ് ബൈക്കിൽ കടന്നു.
തടഞ്ഞ വയോധികനായ കടയുടമയെയും ട്രാഫിക് പോലീസിനെയും ചവിട്ടി തളളിയിട്ടു.
തോട്ടക്കാട്ടുകര മണപ്പുറം റോഡിൽ പെട്ടിക്കട നടത്തുന്ന കടുങ്ങല്ലൂർ കടേപിള്ളി കൊല്ലംപറമ്പിൽ വീട്ടിൽ കെ.എ. ആനന്ദൻ (71) ആണ് തട്ടിപ്പിന് ഇരയായത്.
ചവിട്ടേറ്റ് നിലത്തു വീണ ആനന്ദന്റെ നെറ്റിയിൽ പരിക്കുണ്ട്. ഇന്നലെ വൈകുന്നേരം ആറിനാണ് ശിവരാത്രി മണപ്പുറം റോഡിൽ സംഭവം നടന്നത്.
ബൈക്കിൽ കടയിൽ എത്തിയ യുവാവ് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എന്ന് പറഞ്ഞാണ് 6,527 രൂപയ്ക്ക് സിഗരറ്റും കോഴിമുട്ടയും വാങ്ങിയത്.
പണം നൽകാതെ കടന്നപ്പോൾ ബൈക്കിന് പിന്നാലെ ആനന്ദൻ ഓടി. ചവിട്ടേറ്റ ആനന്ദൻ നിലത്ത് വീണു.
സംഭവം കണ്ട തോട്ടക്കാട്ടുകര സിഗ്നലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക് പോലീസുകാരൻ തടഞ്ഞപ്പോൾ അദ്ദേഹത്തെയും ചവിട്ടി താഴെ ഇട്ട് സർവീസ് റോഡിലൂടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു.
റോഡിൽ തെറിച്ചു വീണ ആനന്ദന് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. കെഎൽ 44 എഫ് 242 എന്ന നമ്പറിലുള്ള ബൈക്കിലാണ് പ്രതി എത്തിയത്. ഇത് വ്യാജ നമ്പറാകാം എന്നാണ് പോലീസ് നൽകുന്ന സൂചന.