കൊച്ചി: കാക്കനാട്ടെ ഫല്റ്റില്നിന്നും ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ ഏജന്റുമാരിലേക്കും ഇടനിലക്കാരിലേക്കും അന്വേഷണം.
പ്രതികളുടെ ഫോണ്‍രേഖകളില്‍ നിന്നു ലഭിച്ച നിര്‍ണായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മയക്കുമയരുന്നു വാങ്ങിയവരിലേക്കും എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം കടന്നേക്കും.
അതിനിടെ പ്രതികള്‍ക്ക് മയക്കുമരുന്ന് കൈമാറിയ മലയാളികള്‍ ഉള്‍പ്പെട്ട സംഘം രക്ഷപ്പെട്ടതായും സൂചനയുണ്ട്.
കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി തമിഴ്നാട്ടിലെ നാര്‍ക്കോട്ടിക് സെല്ലിന്റെ സഹായവും എക്സൈസ് ക്രൈംബ്രാഞ്ച് തേടിയിട്ടുണ്ട്.
കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ത്വയ്ബയെ മാത്രമാണ് ഇനി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ളത്.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പ്രതികളെ നാട്ടില്‍ സഹായിച്ചിരുന്നവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടന്നുവരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു.
അക്കായുടെയും രാജാവിന്റെയും റോള്‍?
അക്കാ എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയും രാജാവ് എന്നു വിളിപ്പേരുള്ള വയനാട് സ്വദേശിയായ ജിതിനും മയക്കുമരുന്ന് ഇടപാടില്‍ നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇരുവരെക്കുറിച്ചുമുള്ള സൂചനകള്‍ എക്സൈസിന് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഇവരെ തിരിച്ചറിയാനായിട്ടില്ല.
ഇരുവരേയും കണ്ടെത്താന്‍ ഫോണ്‍ രേഖകളടക്കം പരിശോധിച്ച് വിവരികയാണ്. അതേസമയം മുഹമ്മദ് ഫവാസും ശ്രീമോനുമാണ് പിടിയിലായ മയക്കുമരുന്ന് സംഘത്തിന്റെ ബുദ്ധികേന്ദ്രമെന്നാണ് നിഗമനം.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. അഞ്ചു പ്രതികളെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഒന്നാം പ്രതി ഫവാസിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.
കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികള്‍ തങ്ങിയ പോണ്ടിച്ചേരിയിലെ റിസോര്‍ട്ടിലും മയക്കുമരുന്ന് ഇടപാടിന്റെ ഡീല്‍ ഉറപ്പിച്ച ചെന്നൈയിലെ ഹോട്ടലിലും എത്തിച്ച് പ്രതികളുമായി തെളിവെടുപ്പ് നടത്തിയിരുന്നു.
പ്രതികളെ ഹോട്ടലുടമകളും മറ്റും തിരിച്ചറിഞ്ഞിട്ടുണ്ട്.