കാഞ്ഞങ്ങാട്: കൊച്ചി സ്വദേശിയായ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും വിലപിടിപ്പുള്ള മൊബൈല്‍ഫോണും തട്ടിയെടുത്ത യുവതിയുള്‍പ്പെടെ നാലുപേരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു.
ഹണി ട്രാപ്പ് സംഘത്തില്‍പ്പെട്ട കാസര്‍ഗോഡ് നായന്മാര്മൂല സ്വദേശിനി സാജിദ (30), ഉദുമ അരമങ്ങാനം സ്വദേശി എന്‍.എ. ഉമ്മര്‍ (41), ഭാര്യ ഫാത്തിമ (35), കണ്ണൂര്‍ ചെറുതാഴം സ്വദേശി കെ. ഇക്ബാല്‍ (47) എന്നിവരെയാണ് ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ കെ.പി. ഷൈനും സംഘവും അറസ്റ്റ് ചെയ്തത്.
കൊച്ചി കടവന്ത്രയിലെ സി.എ. സത്താറിന്റെ (58) പരാതിയിലാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.
കഴിഞ്ഞ രണ്ടിന് പ്രതികള്‍ ഒത്തുചേര്‍ന്ന് നേരത്തെ പരിചയത്തിലായിരുന്ന സാജിദയുമായി സത്താറിന്റെ വിവാഹം നടത്തിയിരുന്നു.
അതിനുശേഷം സാജിദയോടൊപ്പം കൊവ്വല്‍പള്ളിയിലെ ക്വാര്‍ട്ടേഴ്സിലാണ് സത്താര്‍ താമസിച്ചിരുന്നത്.
ഇതിനിടയില്‍ ഹണിട്രാപ്പ് സംഘം കിടപ്പറയില്‍വച്ച് സാജിദയുടെയും സത്താറിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഇവ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 3.75 ലക്ഷം രൂപയും ഏഴര പവന്റെ സ്വര്‍ണമാലയും തട്ടിയെടുത്തു.
കാഞ്ഞങ്ങാട്ട് വിവാഹം ചെയ്ത കാര്യം കൊച്ചിയിലെ ബന്ധുക്കള്‍ അറിയുമെന്ന് ഭയന്നാണ് സത്താര്‍ പണം നല്‍കിയത്.
എന്നാല്‍ പിന്നീട് വീണ്ടും ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്.