വരന്തരപ്പിള്ളി: ചോർന്നൊലിക്കുന്ന വീട്ടിൽ ജീവൻ പണയംവച്ച് വൃദ്ധദന്പതികൾ. മുനിയാട്ടുകുന്ന് കൂനൻമാക്കൻ കൊച്ചുണ്ണിയും ഭാര്യ ദേവകിയുമാണ് ചുമരുകൾ ചോർന്നൊലിച്ച് വീഴാറായ കുതിർന്ന് വീഴാറായ പച്ച ഇഷ്ട്ടികയിൽ തീർത്ത വീടിൽ താമസിക്കുന്നത്.
തകർന്ന മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞാണ് ചോർച്ചക്ക് തടയിട്ടിരിക്കുന്നത്. അസുഖബാധിതരായ ഇവരുടെ വീട്ടിലേക്ക് ഇരുനൂറ് മീറ്ററിലേറെ കാട്ടുപാതയിലൂടെ നടന്നുവേണം എത്താൻ. അസുഖം മൂർചിച്ചാൽ ആശുപത്രിയിൽ പോകണമെങ്കിൽ റോഡുവരെ ചുമന്നാണ് ഇവരെ കൊണ്ടുപോകുന്നത്.
സർക്കാരിൽ നിന്നും ലഭിക്കുന്ന വാർധക്യ പെൻഷനാണ് ഇവരുടെ കുടുംബത്തിന്റെ ഏക ആശ്രയം. പരാധീനതകൾക്ക് നടുവിലും അടച്ചുറപ്പുള്ളൊരു കൊച്ചു വീടിന് വേണ്ടി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് ഇവർ. പല തവണ ഗ്രാമസഭയിൽ വീടിന് വേണ്ടി അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ല.
അവസാനം ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടുവെങ്കിലും പിന്നീട് തള്ളികളഞ്ഞു. മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ ദുരിതജീവിതം നയിക്കുന്ന ഈ വൃദ്ധ ദന്പതികൾ സുമനസുകളുടെ സഹായംകൊണ്ടാണ് ഉപജീവനം നടത്തുന്നത്. കാലവർഷം ശക്തമായതോടെ വീട് തകർന്നുവീഴാവുന്ന നിലയിലാണ്.
സമീപത്ത് വീടുകൾ ഇല്ലാത്തതുമൂലം സഹായത്തിനാളില്ലാതെ വളരെയേറെ പ്രയാസമാണ് ഇവർ അനുഭവിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് ഉരുൾപ്പൊട്ടൽ ഉണ്ടായ മേഖലയാണ് മുനിയാട്ടുകുന്ന്. ശക്തമായ കാലവർഷത്തിൽ വീണ്ടുമൊരു ഉരുൾപൊട്ടലിനുള്ള സാധ്യത തള്ളികളായാനാകില്ല. ഒരു ദുരന്തം വരാൻ കാത്തിരിക്കാതെ സർക്കാർ ഇടപ്പെട്ട് ഈ വൃദ്ധ ദന്പതികൾക്ക് സംരക്ഷണമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.