പെര്‍ള : പൈവളിഗെ പഞ്ചായത്തിലെ ബോളങ്കളയിൽ സിനിമാ ഷൂട്ടിംഗിനായി പഞ്ചായത്ത് സ്ഥലംവിട്ടുനൽകിയതിനെച്ചൊല്ലി തർക്കം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് കഴിഞ്ഞ മാസം 20 മുതൽ ഇവിടെ ആരംഭിച്ചിരുന്നു.
ഷൂട്ടിംഗ് നടക്കുന്ന പ്രദേശത്തിന്റെ മുക്കാൽ ഭാഗവും പഞ്ചായത്തിന്റെയും ബാക്കി ഭാഗം സ്വകാര്യവ്യക്തികളുടെയും അധീനതയിലാണ്. ഷൂട്ടിംഗ് അനുമതിക്കായി നിർമാതാക്കൾ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നുവെങ്കിലും അനുമതി നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് അസി.സെക്രട്ടറി പറഞ്ഞു.
അപേക്ഷ 26ന് ചേരുന്ന ഭരണസമിതി യോഗത്തിൽ പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ ചിത്രീകരണത്തിനായി സിനിമ പ്രവർത്തകരിൽ നിന്നും ദിവസേന 3000 രൂപ നിരക്കിൽ സ്വകാര്യവ്യക്തികൾ വാടക വാങ്ങുന്നതാണ് തർക്കത്തിനിടയാക്കിയത്.