ഇതിഹാസ മോഷ്ടാവ് കായംകുളം കൊച്ചുണ്ണിയുടെ ജീവിതം ബിഗ്സ്ക്രീനിൽ കാണുവാനുള്ള ആകാംക്ഷയിലാണ് ആരാധകർ. മാത്രമല്ല ചിത്രത്തെകുറിച്ച് പുറത്തുവരുന്ന ഓരോ വാർത്തയും ആവേശത്തോടെയാണ് പ്രേക്ഷകൻ പിന്തുടരുന്നതും.
ഇപ്പോഴിത ശ്രീലങ്കയിലെ ഒരു തടാകത്തിലും മറ്റ് സ്ഥലങ്ങളിലും വച്ചു നടന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നിവിൻ പോളി മരണത്തെ മുഖാമുഖം ദർശിച്ച സംഭവം വിവരിക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്.
ശ്രീലങ്കയിലെ ഒരു തടാകത്തിൽ ചിത്രീകരണമുണ്ടായിരുന്നു. താരങ്ങളും അണിയറപ്രവർത്തകരും അവിടെ എത്തിയപ്പോൾ തടാകത്തിൽ മുന്നൂറിലധികം മുതലകളുണ്ടെന്നാണ് അറിഞ്ഞത്. എന്നാൽ ഷൂട്ട് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു.
അണിയറ പ്രവർത്തകരിൽ ചിലരെ തടാകത്തിൽ ഇറക്കി ശബ്ദമുണ്ടാക്കി മുതലയെ പേടിപ്പിച്ചതിനു ശേഷമാണ് നിവിൻ തടാകത്തിൽ ഇറങ്ങിയത്. ഈ സമയവും കുറച്ച് മുതലകൾ വെള്ളത്തിനു മുകളിലുണ്ടായിരുന്നുവെന്ന് സംവിധായകൻ ഓർക്കുന്നു.
മംഗളൂരുവിലെ കടപ്പ വനത്തിൽ ഷൂട്ട് ചെയ്യുമ്പോൾ അണിയറ പ്രവർത്തകരിലൊരാളെ പാമ്പ് കടിച്ച സംഭവമുണ്ടായി. കൂട്ടത്തിൽ ഡോക്ടർ ഉണ്ടായിരുന്നതിനാലാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷപെട്ടത്.
ഇതിനെല്ലാം പുറമേ ഷൂട്ടിംഗിനിടെ നിവിന്റെ കൈയൊടിഞ്ഞു. ചിത്രീകരണത്തിനിടെ കാളവണ്ടി മറിഞ്ഞ് നിവിൻ തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്നും സംവിധായകൻ വെളിപ്പെടുത്തി.