ചാലക്കുടി: പ്രളയത്തിൽ തകർന്ന വീടിന്റെ ബാക്കിയായ ഷീറ്റിനു താഴെ കൊച്ചുറാണിയും രോഗിയായ ഭർത്താവും കാറ്റിനേയും മഴയേയും സഹിച്ചുകഴിഞ്ഞുകൂടുന്നു. ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള കനാൽ ചേരിയിലാണ് ഈ ദുരിതക്കാഴ്ച.
മഞ്ഞതോപ്പ് ജെയിംസും ഭാര്യ കൊച്ചുറാണിയുമാണ് ഈ ഷെഡിനകത്ത് കഴിച്ചുകൂടുന്നത്. പ്രളയത്തിൽ വീടിന്റെ ചുമരെല്ലാം ഇടിഞ്ഞുവീണു. വീടു മേഞ്ഞിരുന്ന ഷീറ്റും, ഒരു കക്കൂസ് മുറിയും മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. പ്രളയത്തെ തുടർന്ന് ദുരിതാശ്വാസക്യാന്പിലേക്ക് പോയ റാണിയും ഭർത്താവും തിരിച്ചെത്തിയപ്പോൾ പ്രളയത്തിൽ തകർന്നുകിടക്കുന്ന വീടാണ് കണ്ടത്.
വീടുകളിൽ അടുക്കള ജോലിചെയ്തു ജീവിക്കുന്ന റാണിക്ക് തന്റെ കൊച്ചു കൂര പണിയാൻ യാതൊരു മാർഗവുമില്ല. പ്രളയത്തിനുശേഷം വീട് തകർന്നുകിടക്കുന്ന വിവരം അധികൃതരെ അറിയിച്ചുവെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല. വീട്ടിൽ ഭക്ഷണം ഉണ്ടാക്കി കഴിക്കുവാൻ കഴിയുന്നില്ല. എന്തിനേറെ വസ്ത്രം മാറാൻ വീടിന് ഒരു മറപോലുമില്ല.
തുറസായി കിടക്കുന്ന ഷെഡിനു താഴെയാണ് റാണിയും രോഗിയായ ഭർത്താവും രാത്രി കിടന്നുറങ്ങുന്നത്. വീടിന്റെ ചുമരുകൾ നിർമിക്കുന്നതിന് വേണ്ടി സഹായം തേടുകയാണ്.