കണ്ണൂർ: കോവിഡ് വ്യാപനം തടയാൻ നാടുമുഴുവൻ വീട്ടിലിരിക്കുന്പോഴും സ്വന്തം ജീവനെപ്പോലും കണക്കിലെടുക്കാതെ 24 മണിക്കൂറും കണ്ണിലെണ്ണയൊഴിച്ചു പോരാടുകയാണ് ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും.
എങ്കിലും ജനങ്ങളോട് ഇവർക്ക് ഒരഭ്യർഥന മാത്രം- “നിങ്ങളാരും പുറത്തിറങ്ങരുത്. ഇതൊരു ജീവൻമരണ പോരാട്ടമാണ്. ഇതും നമുക്ക് ഒറ്റക്കെട്ടായി അതിജീവിക്കാനാകും’.
കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചതുമുതൽ ഏറ്റവും കൂടുതൽ രോഗികളെത്തുന്നത് കണ്ണൂർ ഗവ.മെഡിക്കൽ കോളജിലാണ്. ചെറിയ അശ്രദ്ധപോലും രോഗം പടരാനിടയാക്കുമെന്നതിനാൽ ഡോക്ടർമാർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെ അടുക്കും ചിട്ടയോടുംകൂടിയ പ്രവർത്തനത്തിലൂടെയാണ് കോവിഡ് രോഗികളെ പരിചരിക്കുന്നത്.
രാവിലെ മെഡിക്കൽ ബോർഡിന്റെ യോഗത്തോടെയാണ് ഒരു ദിവസത്തെ പ്രവർത്തനങ്ങൾ മെഡിക്കൽ കോളജിൽ ആരംഭിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് പരിശോധന നടക്കുന്ന എല്ലാ ആശുപത്രികളിലും മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, മെഡിക്കൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ടുമാർ, ആർഎംഒ തുടങ്ങിയവരടങ്ങിയതാണ് മെഡിക്കൽ ബോർഡ്. നിലവിലെ രോഗികളുടെ രോഗാവസ്ഥയെക്കുറിച്ചും ചികിത്സയെ സംബന്ധിച്ചും സുപ്രധാന തീരുമാനമെടുക്കുന്നത് ഈ സംഘമാണ്.
ലോകം മുഴുവൻ കോവിഡ് ഭീഷണിയെ നേരിടുന്നതിനാൽ തന്നെ പേഴ്സണല്‍ പ്രൊട്ടക്ഷന്‍ കിറ്റ്, മാസ്ക് തുടങ്ങിയവയുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്.
ഇതു പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കുന്നതായി ഡോക്ടർമാർ പറയുന്നു. പരിചരിക്കുന്നവർക്ക് രോഗം വരാനിടയായാൽ ചികിത്സാസംവിധാനം താളംതെറ്റാനിടയാക്കുന്നതിനാൽ അതീവ ശ്രദ്ധയോടെയാണ് ഓരോ നിമിഷവും മുന്നോട്ടുപോകുന്നത്.
ആശുപത്രിയിൽ കോവിഡ് സംശയിച്ചെത്തുന്ന രോഗികളെ പ്രത്യേക വഴിയിലൂടെയാണ് പരിശോധനാമുറിയിലെത്തിക്കുന്നത്. അവിടെനിന്നു പരിശോധനകൾക്കുശേഷം വാർഡിലേക്കോ ഐസൊലേഷൻ മുറിയിലേക്കോ മാറ്റും.
പ്രത്യേക ലിഫ്റ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓരോ രോഗിയെ കൊണ്ടുപോയാലും ആ വഴിയെല്ലാം അണുനാശിനി ഉപയോഗിച്ചു ശുചീകരണം നടത്തും. നിലവിൽ മെഡിക്കൽ കോളജിൽ കോവിഡ് സ്ഥിരീകരിച്ച രോഗികളെയെല്ലാം ഒരുവാർഡിലേക്കാണു മാറ്റിയിരിക്കുന്നത്.
ഡോക്ടർമാരും നഴ്സുമാരും പിജി വിദ്യാർഥികളും അടങ്ങുന്ന രണ്ടു ടീമാണ് ഇവരെ ശുശ്രൂഷിക്കുന്നത്. രോഗം വ്യാപിക്കുകയാണെങ്കിൽ ഓരോ ടീമിനും ഏഴുദിവസത്തെ തുടർച്ചയായ ഡ്യൂട്ടി നൽകും. പരിചരിക്കുന്നവർക്കു രോഗം ബാധിച്ചാലും ഡോക്ടർമാരുടെ ലഭ്യത ഉറപ്പാക്കുന്നതിനാണ് ഈ നടപടി.
സഹായവുമായി നിരവധി പേരാണ് ആശുപത്രിയിലെത്തുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ. സുദീപ് പറഞ്ഞു. ഇതു വലിയ പ്രചോദനം നല്‍കുന്നുണ്ട്. അതേസമയം കോവിഡ് രോഗിയെ ശുശ്രൂഷിച്ച ഡോക്ടറെ കാണുന്പോൾ ഭയത്തോടെ നോക്കുന്നവരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ ഡോ.എൻ. റോയ്, ആശുപത്രി സൂപ്രണ്ട് ഡോ.കെ. സുദീപ്, കമ്യൂണിറ്റി മെഡിസിൻ വിഭാഗം തലവൻ ഡോ.എ.കെ. ജയശ്രീ, ഡപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. മനോജ്, ഡോ. വിമൽ റോഹൻ, ആർഎംഒ ഡോ.എസ്.എം. സരിൻ, ഡോ. അരുൺ, ഡോ. എം.വി.ബിന്ദു, ഡോ.ആരിഫ, നഴ്സിംഗ് സൂപ്രണ്ട് റോസമ്മ തുടങ്ങിയവരാണ് ഗവ.മെഡിക്കൽ കോളജിലെ കോവിഡ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്. കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ഗണേഷ് മല്ലർ ആദ്യാവസാനം പ്രവർത്തനങ്ങൾക്ക് മുന്നിലുണ്ട്.
നിലവിൽ 37 പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. പത്തുപേർക്കു കോവിഡ് -19 സ്ഥിരീകരിച്ചു. ഒരാൾ സുഖംപ്രാപിച്ചു വീട്ടിലേക്കു മടങ്ങി. രോഗികളുടെ എണ്ണത്തിൽ വർധന വന്നതോടെ മെഡിക്കൽ കോളജ് പൂർണമായും കോവിഡ് കെയർ സെന്ററാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.