നെടുമ്പാശേരി: കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്നു മിക്ക വിദേശരാജ്യങ്ങളും ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനാൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള വിദേശവിമാന സർവീസുകൾ നിലയ്ക്കുന്നു.
നിലവിലെ ഷെഡ്യൂൾ അനുസരിച്ച് ദോഹ, ബഹ്റിൻ എന്നിവിടങ്ങളിലേക്കു മാത്രമാണു സർവീസുള്ളത്.
എന്നാൽ വിദേശത്തുനിന്നു കൊച്ചിയിലേക്ക് അടുത്ത 10 ദിവസത്തേക്കു കൂടി വിമാനങ്ങൾ എത്തും.
യാത്രക്കാരെ ഇറക്കിയശേഷം കാലിയായിട്ടാകും ഇവ തിരിച്ചുപോകുക.
കൊച്ചിയിൽനിന്നുള്ള 90 ശതമാനം അന്താരാഷ്ട്ര സർവീസുകളും ഗൾഫ് മേഖലയിലേക്ക് ആയിരുന്നു.
സിംഗപ്പൂർ, ക്വലാലംപുർ, യൂറോപ്പ്, യുകെ, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ 25 ഓളം ആഭ്യന്തര വിമാനങ്ങൾ ദിവസേന കൊച്ചിയിൽ സർവീസ് നടത്തുന്നുണ്ട്.
കോവിഡ് വ്യാപനത്തിനു മുന്പു അന്താരാഷ്ട്ര, ആഭ്യന്തര സെക്ടറുകളിലായി ദിവസേന ശരാശരി 300 വിമാന സർവീസുകൾ ഇവിടെ ഉണ്ടായിരുന്നു.