തലശേരി: കോടതി ബോംബ് വച്ച് തകർക്കുമെന്നും അഭിഭാഷകയുടെ തല തെറിപ്പിക്കുമെന്നും ഭീഷണിയുമായി കോടതി പരിസരത്ത് പോസ്റ്റർ പതിച്ചു.
ഇന്നലെ വൈകുന്നേരം ആറിനുശേഷം തലശേരി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിക്കു പുറത്ത് ശൗചാലയഭാഗത്തെ ചുമരിലാണ് കടലാസിൽ എഴുതി പതിച്ച പോസ്റ്റർ കാണപ്പെട്ടത്.
വിവരമറിഞ്ഞ് പോലീസും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
കടലാസിൽ പേന ഉപയോഗിച്ച് എഴുതിയ വരികളിൽ കോടതിയെയും ഭരണകൂടത്തെയും അഭിഭാഷകയെയും രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്.
കുടുംബകോടതിയിലെ ഒരു വ്യവഹാരവുമായി ബന്ധപ്പെട്ട് കക്ഷിയും അഭിഭാഷകയുമായി തർക്കമുണ്ടായിരുന്നതായി സൂചനയുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ഭീഷണി പോസ്റ്ററെന്നും അനുമാനിക്കുന്നു.
പോരാട്ടം എന്നപേരിലാണ് പോസ്റ്ററെങ്കിലും മാവോവാദി സംഘടനകളമായി പോസ്റ്ററ്റിന് ബന്ധമുണ്ടെന്നുള്ള സൂചനകളൊന്നും കണ്ടെത്താനായിട്ടില്ല. കോടതി അധികൃതരുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.