സ്വന്തം ലേഖകന്‍
കോഴിക്കോട് : രോഗവ്യാപന തോത് അപകടകരമാം വിധത്തില്‍ വര്‍ധിക്കുന്ന കോഴിക്കോട്ട് ആളുകള്‍ കൂട്ടം കൂടുന്നതുള്പ്പെടെയുള്ളവ കണ്ടെത്താന്‍ ഡ്രോണ്‍( ഹെലിക്യാം) ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കും.
ഇന്നലെ രാവിലെ നല്ലളം, നടക്കാവ് സ്റ്റേഷനുകള്‍ക്ക് കീഴിൽ ഡ്രോണ്‍ പറത്തിയിരുന്നു. വൈകിട്ട് ബീച്ചില്‍ ജില്ലാ കളക്ടര്‍ എസ്.സാംബശിവറാവു, സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്, കണ്ട്രോള് റൂം അസി.കമ്മീഷണര്‍ സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തിലും ഡ്രോണ്‍ പറത്തി നിരീക്ഷിച്ചു.
ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ എല്ലാ പോലീസ് സ്റ്റേഷന് പരിധിയിലും ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്താനാണ് പോലീസ് തീരുമാനിച്ചത്.
കണ്ട്രോള് റൂം അസി.കമ്മീഷണറുടെ നിര്‍ദേശാനുസരണം സ്റ്റേഷന് പരിധികളില്‍ മിന്നല്‍ “പറത്തല്‍’ നടത്തും. രണ്ട് ഡ്രോണ്‍ കാമറകളാണ് കോഴിക്കോട് സിറ്റി പോലീസ് ഇതിനായി ഉപയോഗിക്കുന്നത്. രണ്ടു മുതല്‍ മൂന്നു കിലോമീറ്റര്‍ വരെയുള്ള ആകാശക്കാഴ്്ച പകര്‍ത്താം.
അനാവശ്യമായി വാഹനമെടുത്തും അല്ലാതെയും പുറത്തിറങ്ങുന്നതു തടയുന്നതിനും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ കൂട്ടം കൂടുന്നത് തടയുന്നതിനും ഡ്രോണ്‍ വഴിയുള്ള നിരീക്ഷണത്തിലൂടെ സാധിക്കും.
ഏതൊക്കെ റോഡുകളിലാണ് കൂടുതല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത്, ഏതൊക്കെ മാര്‍ക്കറ്റിലാണ് സാമൂഹിക അകലം പാലിക്കാത്തത് എന്നെല്ലാം ഇതുവഴി കണ്ടെത്താം.
ആവശ്യമെങ്കില്‍ റോഡില്‍ യാത്രചെയ്യുന്ന ഓരോ വ്യക്തിയേയും സൂം ചെയ്ത് കാണാനും ഇതുവഴി കഴിയും. മാസ്കിടാതേയും മറ്റും പുറത്തിറങ്ങുന്നവരെ കണ്ടെത്തി ഇതുവഴി നടപടി സ്വീകരിക്കും.
കോവിഡ് വ്യാപനം തടയുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനാണ് പോലീസ് ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി രംഗത്തെത്തുന്നത്.