കൊച്ചി: പാതിരാത്രിയിൽ സിറ്റിംഗ് നടത്തി കേരള ഹൈക്കോടതി. കൊച്ചി തുറമുഖത്തുള്ള എം.വി. ഓഷ്യന്‍ റേസ് എന്ന ചരക്കു കപ്പലുമായി ബന്ധപ്പെട്ട കേസിലാണ് രാത്രിയിൽ ഹൈക്കോടതി സിറ്റിംഗ് നടത്തിയത്.
ഹർജി കേട്ട കോടതി കപ്പൽ തീരം വിടുന്നത് തടഞ്ഞു. ഹൈക്കോടതിയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് രാത്രിയില്‍ സിറ്റിംഗ് നടത്തുന്നത്. രാത്രി 11.45ന് ആരംഭിച്ച സിറ്റിംഗ് പുലർച്ചെ 12.45നാണ് അവസാനിച്ചത്.
കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എംവി ഓഷ്യന്‍ റേസ് എന്ന കപ്പല്‍ ഇന്നു കൊച്ചി തീരം വിടാനിരിക്കെയാണ് കോടതി നടപടി സ്വീകരിച്ചത്.
കപ്പലിന് വെള്ളം നല്കിയ കൊച്ചിയിലെ ഒരു കമ്പനി കപ്പലിന്റെ യാത്ര തടയണമെന്ന് ആവശ്യപ്പെട്ടു ഹര്‍ജി നൽകിയിരുന്നു.
കപ്പലിന് വെള്ളം നല്കിയ കമ്പനിക്ക് ഉടന്‍ രണ്ടരക്കോടി നല്‍കണമെന്ന് സിറ്റിംഗില്‍ ഉത്തരവായി. തുക നല്‍കിയില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കകം എംവി ഓഷ്യന്‍ റേസ് ഹര്ജിക്കാരന് ലേലം ചെയ്യാം.
ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഈ ഉത്തരവിട്ടത്. അര്‍ധരാത്രിയില്‍ നടന്ന ഓണ്‍ലൈന്‍ സിറ്റിംഗ് ഒരു മണിക്കൂറോളം നീണ്ടു.
കപ്പലിന്റെ യാത്ര തടയാനുള്ള നടപടി സ്വീകരിക്കാന്‍ പോര്‍ട്ട് ട്രസ്റ്റിനു നിര്‍ദേശം നല്കി.