ആലുവ: കൊച്ചിയിലെ ഫ്ലാറ്റിൽനിന്നും കോടികളുടെ ലഹരിമരുന്ന് കണ്ടെത്തിയ കേസിൽ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല.
സംഭവ ദിവസം വനിത ഉദ്യോഗസ്ഥയുടെ സാന്നിധ്യമില്ലാതെയാണ് എക്സൈസ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയതെന്നാണ് പുറത്തു വരുന്ന പുതിയ വിവാദം. കോടതിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചായിരുന്നു നടപടികളെന്ന ആക്ഷേപം ഉദ്യോഗസ്ഥരുടെ ഇടയിൽനിന്നു തന്നെയാണുയരുന്നത്.
യുവതികളടങ്ങുന്ന ഏഴ് പ്രതികളോടൊപ്പം നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ എടുത്ത ഫോട്ടോ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിനു മുമ്പ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിലും ദുരൂഹതയുണ്ട്.
റെയിഡിൽ ആദ്യം കസ്റ്റഡിയിലാകുന്നത് രണ്ട് യുവതികളടക്കം ഏഴുപേരാണ്. പിന്നീട് ഇവരിൽ ഒരു യുവതിയെയും യുവാവിനെയും ഒഴിവാക്കുകയായിരുന്നു.
ഉദ്യോഗസ്ഥരിലെ ഭിന്നതയെ തുടർന്ന് വിട്ടയച്ച ത്വയ്ബ ഔലാദ് എന്ന യുവതിയെ വീണ്ടും അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതി രക്ഷപ്പെടുകയും ചെയ്തു.
ത്വയ്ബയെ വിട്ടയച്ചതിങ്ങനെ
കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ് ഫാബാസ്, ഷബ്ന, കാസർകോട് സ്വദേശികളായ അജു എന്ന അജ്മൽ, മുഹമ്മദ് ഫൈസൽ, എറണാകുളം സ്വദേശികളായ മുഹമ്മദ് അഫ്സൽ, ത്വയ്ബ എന്നിവരാണ് കേസിലെ പ്രതികൾ.
രണ്ടു കുട്ടികളുട മാതാവായ ത്വയ്ബ ആദ്യ ഭർത്താവുമായി അകന്ന് കൊച്ചിയിലായിരുന്നു താമസം. കേസിലെ രണ്ടാം പ്രതി ശ്രീമോനുമായി ത്വയ്ബ അടുപ്പത്തിലാകുകയായിരുന്നു. ഇരുവരും ഭാര്യ ഭർത്താക്കൻമാരായിട്ടാണ് ജീവിച്ചിരുന്നത്.
പിടിയിലാകുന്ന ആദ്യഘട്ടത്തിൽ മുഴുവൻ ലഹരിമരുന്നുകളും സംഘത്തിൽനിന്നും കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്കായിരുന്നില്ല.
ശേഷിക്കുന്ന മയക്കുമരുന്ന് ശേഖരം കാണിച്ചു കൊടുക്കാമെന്ന് പ്രതികളും പകരം ത്വയിബയേയും മറ്റൊരു പ്രതിയായ അജ്മലിനെയും കേസിൽനിന്നും ഒഴിവാക്കാമെന്ന് ധാരണയിലെത്തി.
എന്നാൽ സംഭവം വിവാദമായതിനെ തുടർന്ന് ത്വയ്ബയെ അറസ്റ്റ് ചെയ്യേണ്ടി വരികയായിരുന്നു. ഇതോടെ അഞ്ച് കീഴുദ്യോഗസ്ഥർ ബലിയാടാവുകയും ചെയ്യേണ്ടിവന്നു.
തിരിച്ചുവന്നത് ഷബ്നയുടെ മൊബൈൽ ഫോൺ
കേസിലെ മറ്റൊരു പ്രതിയ ഷബ്നയെന്ന യുവതി കോഴിക്കോടുകാരിയാണ്. ഒന്നാം പ്രതി മുഹമ്മദ് ഫാബാസുമൊന്നിച്ചായിരുന്നു കഴിഞ്ഞിരുന്നത്.
ആദ്യഘട്ടത്തിൽ തന്നെ ഷബ്ന പ്രതിചേർക്കപ്പെട്ടു.തുടർന്ന് ഇവരുടെ സ്വർണാഭരണങ്ങളും വിലകൂടിയ മൊബൈൽ ഫോണും കേസ് നടത്തിപ്പിനായി വിൽക്കാൻ സംഭവ ദിവസം സഹായത്തിനെത്തിയ മട്ടാഞ്ചേരി സ്വദേശിയായ യുവതിയെ ഏല്പിക്കുകയായിരുന്നു.
കേസ് വിവാദമായതോടെ എക്സൈസ് നോട്ടീസ് നൽകി കൊടുത്തയച്ച മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥനെ യുവതി തിരികെയേൽപ്പിച്ചു.
മഹസറിൽ രേഖപ്പെടുത്തിയ ഈ തൊണ്ടിമുതൽ കേസന്വേഷിക്കുന്ന എക്സൈസ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുണ്ട്.
ഒളിവിൽ കഴിയുന്ന കാസർഗോഡ് സ്വദേശി അജ്മലിനായുള്ള അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ച് ഊർജ്ജിതമാക്കിയിട്ടുണ്ട്