കോട്ടയം: വനമേഖലയിലെ വാറ്റുകാരെ പിടികൂടാനുള്ള അന്വേഷണത്തിലാണ് എക്സൈസ് സംഘം. ഇന്നലെ വനമേഖലയിൽ നിന്നും പിടിച്ചെടുത്തത് 1235 ലിറ്റർ കോടയാണ്.
പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മൂന്നോലി, കാരിശേരി തേക്ക് പ്ലാന്റേഷൻ ഭാഗത്തുനിന്നുമാണ് കോട കണ്ടെത്തിയത്. 500 ലിറ്ററിന്റെ രണ്ട് സിന്തറ്റിക്ക് ടാങ്കിലും 200 ലിറ്ററിന്റെ ബാരലിലും 35 ലിറ്ററിന്റെ കന്നാസിലുമായിട്ടാണ് കോട സൂക്ഷിച്ചിരുന്നത്.
കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ വിഹാരകേന്ദ്രങ്ങളായതിനാൽ ഈ മേഖലയിൽ ആളുകൾ എത്താറില്ല. അതിനാൽ വാറ്റു കാർ ഇവിടം താവളമാക്കിയിരിക്കുകയാണ്.
പാറക്കെട്ടുകൾക്കിടയിലും വള്ളിപ്പടർപ്പുകൾക്കിടയിലുമാണ് കോട സൂക്ഷിച്ച് പകൽ സമയങ്ങളിലായിരുന്നു വാറ്റ് നടത്തിയിരുന്നത്.
കോട സൂക്ഷിച്ചിരുന്നതിനു സമീപ പ്രദേശങ്ങളിൽ നിന്നും വാറ്റു ഉപകരണങ്ങളും മുന്‍പ് വാറ്റ് നടത്തിയിരുന്നതിന്റെ സൂചനയും എക്സൈസിനു ലഭിച്ചിട്ടുണ്ട്.
മലയോര മേഖലകളിൽ ലോക്ഡൗണ്‍ ആരംഭിച്ചപ്പോൾ മുതൽ വൻ തോതിൽ വ്യാജ വാറ്റ് നടക്കുന്നതായി എക്സൈസിനു വിവരം ലഭിച്ചിരുന്നു.
തുടർന്നു കുഴിമാവ്, കോപ്പാറ വനമേഖല , 504 കോളനി, പുഞ്ചവയൽ, പാക്കാനം, കാറിശേരി ഭാഗങ്ങളിൽ നിരീക്ഷണം എക്സൈസ് ആരംഭിച്ചിരുന്നു.
പരിശോധയിൽ കുഴിമാവ് ചെങ്കമലക്കാനയ്ക്ക് സമീപം മുക്കുളത്തുള്ള വീട്ടിൽ നിന്നും എട്ടു ലിറ്റർ ചാരായവും 95 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തിരുന്നു.
കുഴിമാവ് ടോപ്പിലുള്ള ആൾ താമസമില്ലാത്ത വീടിന് സമീപം സൂക്ഷിച്ചുവച്ചിരുന 20 ലിറ്റർ ചാരായവും കണ്ടെടുത്തിരുന്നു.
ഈ പ്രദേശങ്ങളിലെ ആൾ താമസമില്ലാത്ത വീടുകളിൽ നിന്നും വൻതോതിൽ ചാരായം വാറ്റി രാത്രികാലങ്ങളിൽ മറ്റു സ്ഥലങ്ങളിലേക്ക് വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോകുന്നതായും എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്.
രാത്രികാലങ്ങളിൽ ഇവിടങ്ങളിൽ വാഹന പരിശോധനയും നടത്തുന്നുണ്ട്.കോട്ടയം എക്സൈസ് എൻഫോഴ്സ് ആൻഡ്്് ആന്റി നാർക്കോട്ടിക്ക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. സൂരജ്, എക്സൈസ ഇൻസ്പെക്ടർ അമൽ രാജൻ, പ്ലാച്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരുണ്‍ ജി നായർ, പ്രിവന്റീവ് ഓഫിസർ കെ. രാജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ അഞ്ചിത്ത് രമേശ്, സന്തോഷ് കുമാർ, സുരേഷ് കുമാർ, ഡ്രൈവർ കെ.കെ. അനിൽ എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.