കൊടകര: കൊടകര ദേശീയപാതയിൽ കെഎസ്ആർടിസി എക്പ്രസ് ബസ് ലോറിക്കു പിന്നിലിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർക്കു പരിക്ക്. അപകടത്തിൽ പരിക്കേറ്റ ബസ് കണ്ടക്ടർ കോട്ടയം സ്വദേശി പ്രതാപന്റെ നില ഗുരുതരമാണ്. ബസ് ഡ്രൈവർ കോട്ടയം സ്വദേശി മനോജ്, യാത്രക്കാരായ പെരുമ്പാവൂർ സ്വദേശി വർക്കി, ആലുവ സ്വദേശി ജോയി, വയനാട് സ്വദേശിനി സജീഷ, തമിഴ്നാട് സ്വദേശികളായ പെരുമാൾ, മാരിമുത്തു, രത്നം എന്നിവരെ കൊടകരയിലും കറുകുറ്റിയിലുമുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്നുപുലർച്ചെ നാലിന് കൊടകര ഉളുമ്പത്തുകുന്നിനു സമീപമാണ് അപകടം നടന്നത്. വേളാങ്കണ്ണിയിൽനിന്നു ചങ്ങനാശേരിയിലേക്കുപോകുകയായിരുന്ന കെഎസ്ആർടിസി ബസ്, മുന്നിൽപോയ ചരക്കുലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിക്കു പിന്നിലിടിക്കുകയായിരുന്നു.
ഈ സമയം പിന്നിൽനിന്നുവന്ന മറ്റൊര ചരക്കുലോറി ബസിനു പിന്നിലിടിച്ചു. അപകടത്തിൽ ബസിന്റെ മുൻഭാഗവും പിൻഭാഗവും തകർന്നു. മുൻ സീറ്റിലും പിൻസീറ്റിലും ഇരുന്നവർക്കാണു പരിക്ക്. ബസിൽ യാത്രക്കാർ കുറവായിരുന്നു.
അരി കയറ്റിപ്പോയ ചരക്കുലോറിക്കു പിന്നിലാണു ബസിടിച്ചത്. കോയമ്പത്തൂരിൽന്നു ഭക്ഷ്യവസ്തുക്കളുമായി എറണാകുളത്തേക്കു പോയ ലോറിയാണു ബസിന്റെ പിന്നിലിടിച്ചത്. ലോറിയുടെ ഡ്രൈവർ പ്രസാദ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ലോറിയുടെ മുൻ വശവും ഭാഗികമായി തകർന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കൊടകര പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.