സ്വന്തം ലേഖകൻ
തൃശൂർ: തെരഞ്ഞെടുപ്പ് ഫണ്ടിനായി കൊണ്ടുവന്ന പണം തൃശൂർ-എറണാകുളം ദേശീയപാതയിൽ കൊടകരയിൽവച്ച് അക്രമിസംഘം കവർന്ന സംഭവത്തിൽ വെട്ടിൽനിന്നു പുറത്തുകടക്കാൻ പാടുപെട്ടു ബിജെപി നേതൃത്വം.
ദേശീയപാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്ന പണമാണ് അതേ പാർട്ടിയിലെ ചിലരുടെ ഒത്താശയോടെ ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ കവർന്നതെന്ന ആരോപണം നേരിടാൻ പാർട്ടി സർവശക്തിയുമെടുത്തു രംഗത്തിറങ്ങിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വിഷയം സിപിഎം ഏറ്റെടുത്തതോടെയാണ് കഥയുടെ ഗതി മാറിയത്.കൊടകര കവർച്ചയെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
എന്നാൽ അതിൽ ഏതു രാഷ്ട്രീയപാർട്ടിക്കു വന്ന ഫണ്ടാണിതെന്നു വ്യക്തമല്ല എന്നാണ് പരാമർശിച്ചിട്ടുള്ളതെന്നറിയുന്നു. നേതൃത്വം പ്രതിക്കൂട്ടിലായതോടെ തങ്ങളെ ഈ കേസിൽ കൂട്ടിക്കെട്ടുന്നത് സിപിഎം ഗൂഢാലോചനയാണെന്ന പ്രതികരണവുമായി ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തി.
അതേസമയം, പണം തട്ടിയെടുക്കലുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം അറസ്റ്റിലായവരിൽ ബിജെപി അനുഭാവികളടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അനുഭാവികളുണ്ടെന്നാണ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലും ചില ബിജെപി ബന്ധങ്ങൾ പോലീസിന് ലഭിച്ചതായി സൂചനയുണ്ട്.
കൊടകര കവർച്ച കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചർച്ചയാണെങ്കിലും കഴിഞ്ഞ ദിവസം മാത്രമാണ് ബിജെപി തങ്ങൾക്കിതിൽ പങ്കില്ലെന്ന പരസ്യപ്രസ്താവനയുമായി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ.അനീഷ്കുമാർ തന്നെ രംഗത്തെത്തിയത്.
കൊടകരയിൽ പണം കവർച്ചചെയ്ത സംഭവവുമായി ബിജെപിയെ ബന്ധപ്പെടുത്താൻ ശ്രമിക്കുന്നതിനു പിന്നിൽ സിപിഎം ഗൂഢാലോചനയാണെന്നു കെ.കെ. അനീഷ്കുമാർ പറഞ്ഞു. ബിജെപിയുടെ ഒരു രൂപയും നഷ്ടപ്പെട്ടിട്ടില്ല.
പാർട്ടിയുടെ തെരെഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നത് പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ഭാരവാഹികളാണ്. തെരെഞ്ഞെടുപ്പ് ഫണ്ട് പാർട്ടി നൽകുന്നത് അക്കൗണ്ട് വഴിയാണ്. ബാക്കി ചെലവിനാവശ്യമായ പണം കണ്ടെത്തുന്നതു പൊതുജനങ്ങളിൽനിന്നു പിരിവെടുത്താണ്.
ഈ കണക്കുകളെല്ലാം സുതാര്യമായി കൈകാര്യം ചെയ്യുകയും കൃത്യമായി തെരെഞ്ഞെടുപ്പ് കമ്മീഷനു കണക്ക് നൽകുകയും ചെയ്യുന്ന പാർട്ടിയാണ് ബിജെപിയെന്ന് അനീഷ് പറഞ്ഞു.അതേസമയം, കൊടകര കവർച്ച കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയേറിയിട്ടുണ്ട്.
ബിജെപി ജില്ലാ കമ്മിറ്റിയോടു വിശദീകരണം തേടുമെന്ന് സൂചന
കൊടകരയിലെ കവർച്ചയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായി പ്രതിക്കൂട്ടിൽ നിൽക്കുന്ന ബിജെപി തൃശൂർ ജില്ലാ കമ്മിറ്റിയോടു സംസ്ഥാന നേതൃത്വം വിശദീകരണം തേടുമെന്ന് സൂചന.
തെരഞ്ഞെടുപ്പ് ഫണ്ടിന്റെ കാര്യത്തിൽ ആർഎസ്എസ് നേതൃത്വത്തിൽ കൃത്യമായ വിതരണവും വരവുചെലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കുകയും ചെയ്തിട്ടും ഇത്തരത്തിൽ ആരോപണത്തിൽ പെട്ടുപോയതിന്റെ കാരണങ്ങളാണ് സംസ്ഥാന നേതൃത്വം ചോദിക്കുക.
തെരഞ്ഞെടുപ്പ് ഫണ്ടിന്റെ വിനിയോഗത്തിൽ ആർഎസ്എസ് മേൽനോട്ടമുണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ സംഘത്തിനും ഈ ആരോപണത്തിൽ നിന്ന് അഗ്നിശുദ്ധിവരുത്തേണ്ടതുണ്ട്. ഏതെങ്കിലും തരത്തിൽ എന്തെങ്കിലും ക്രമക്കേടോ ആരോപണമുന്നയിക്കുന്ന പോലെയുള്ള കാര്യങ്ങളോ നടന്നിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും സൂചനകളുണ്ട്.