സ്വന്തം ലേഖകന്‍
തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പിച്ച കുറ്റപത്രം ബിജെപിക്ക് കനത്ത തിരിച്ചടി. നേതാക്കള്‍ പ്രതിസ്ഥാനത്ത് വരുമെന്ന് കരുതിയതില്‍നിന്ന് തലയൂരാന്‍ സാധിച്ചെങ്കിലും മൂന്നരക്കോടിയുടെ ഉത്തരവാദിത്വം ബിജെപിക്ക് തന്നെയാണെന്ന് അന്വേഷണസംഘം തറപ്പിച്ചു പറഞ്ഞത് പാര്‍ട്ടിക്ക് ആഘാതമായി.
കൊടകര കേസില്‍ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം വിളിപ്പിച്ച ജില്ലാ, സംസ്ഥാന നേതാക്കളും പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരും അണുവിട വ്യത്യാസമില്ലാത്ത ഒരേ മൊഴിതന്നെയാണ് നല്‍കിയത്. കവര്‍ച്ച ചെയ്യപ്പെട്ടതും പിന്നീട് കണ്ടെടുത്തതുമായ പണം ബിജെപിയുടേതാണെന്ന് തെളിയിക്കാന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ലെന്നു തന്നെയാണ് പാര്‍ട്ടി കരുതിയിരുന്നത്.
എന്നാല്‍ ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പാർട്ടിയുടെ പങ്ക് എടുത്തു പറഞ്ഞതോടെ ഇനിയങ്ങോട്ട് കൊടകരയിലെ കോടികളുടെ പേരില്‍ ബിജെപിയും സംഘപരിവാറും വിയര്‍ക്കാന്‍ തുടങ്ങുകയാണ്.ഇത് തങ്ങളുടെ പണമല്ല എന്ന് തെളിയിക്കേണ്ട ബാധ്യത ഇപ്പോള്‍ ബിജെപിക്കുണ്ട്.
ആവശ്യമെങ്കില്‍ തുടരന്വേഷണത്തിനും അന്വേഷണ സംഘം ശിപാര്‍ശ ചെയ്യുന്നത് ബിജെപിക്കു വന്ന ഫണ്ട് സംബന്ധിച്ചാണെന്ന് വ്യക്തമാണ്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കേണ്ടത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പുമായതിനാല്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും കൈമാറുമെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
നേതാക്കള്‍ക്ക് എളുപ്പത്തില്‍ ഒഴിഞ്ഞുമാറാന്‍ കഴിയാത്ത വിധം കുരുക്കു മുറുക്കിയിട്ടാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പിച്ചിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്, സംഘടന ജനറല്‍ സെക്രട്ടറി എം.ഗണേശന്, ഓഫീസ് സെക്രട്ടറി എന്നിവരുടെ അറിവോടെയാണ് മൂന്നരക്കോടി രൂപ എത്തിയിട്ടുള്ളതെന്ന വളരെ ഗുരുതരവും ഗൗരവവുമായ പരാമര്‍ശം കുറ്റപത്രത്തിലുണ്ട്.
കൊടകരയില്‍ കൊള്ളയടിക്കപ്പെട്ട പണം ബംഗളുരുവില്‍ നിന്നും കേരളത്തിലേക്ക് വന്നത് സുരേന്ദ്രന്റെ അറിവോടെയാണെന്ന കുറ്റപത്രത്തിലെ പരാമര്‍ശത്തിന് ബിജെപി വലിയ വില കൊടുക്കേണ്ടി വരും. കേസിലെ ഏഴാം സാക്ഷിയായ സുരേന്ദ്രനെ വീണ്ടും ചോദ്യംചെയ്യാനുള്ള സാധ്യതകൂടിയാണ് ഈ പരാമര്‍ശം.
പണം കേരളത്തിലേക്ക് കൊണ്ടുവന്ന ധര്മരാജന് സുരേന്ദ്രന്റെയും ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേശന്റെയും അടുപ്പക്കാരനാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. ധര്മ്മരാജന് പണം തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായി കൊടുത്തയച്ചതാണെന്ന് ഇരിങ്ങാലക്കുട കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറഞ്ഞതിനെ പൂര്‍ണമായും ഖണ്ഡിച്ചുകൊണ്ടാണ് കുറ്റപത്രം തയ്യാറാക്കിയത്.
കവര്‍ച്ച നടന്നയുടന്‍ സെക്കന്റുകള്‍ നീളുന്ന ഫോണ്‍കോളുകള്‍ ചെന്നതിലൊന്ന് സുരേന്ദ്രന്റെ മകന് ഹരികൃഷ്ണന്റെ സെല്ഫോണിലേക്കാണ്. ഹരികൃഷ്ണനും സാക്ഷിപ്പട്ടികയിലുണ്ട്.കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിനെത്തുകയാണെങ്കില് കവര്ച്ചക്കേസിനേക്കാള് കേരളത്തിലേക്ക് തെരഞ്ഞെടുപ്പു കാലത്ത് കോടികള്‍ കടത്തിയതിന്റെ അന്വേഷണത്തിനാണ് പ്രാധാന്യം നല്‍കുക. കടത്തിയത് വെറും മൂന്നരക്കോടിയാണോ അതിലേറെയുണ്ടോ എന്നതും അന്വേഷിക്കും.