സ്വന്തം ലേഖകൻ
തൃശൂർ: കൊടകര കുഴൽപണ കവർച്ചാ കേസിൽ രണ്ടു കോടതികളുടെ സുപ്രധാന തീരുമാനങ്ങൾ നാളെ കഴിഞ്ഞുണ്ടാകും.
കവർച്ച ചെയ്യപ്പെട്ട പണത്തിൽ പോലീസ് കണ്ടെടുത്ത പണവും കാറും തിരികെ കിട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലും കവർച്ചാ കേസിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷയിലുമാണ് ബുധനാഴ്ച തീർപ്പുണ്ടാവുക.
ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിലാണ് പണവും കാറും തിരികെ കിട്ടണമെന്ന ഹർജിയിൽ വാദം നടക്കുന്നത്. 25ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതി നൽകിയ ആർ.എസ്.എസ് പ്രവർത്തകനും കോഴിക്കോട് സ്വദേശിയുമായ ധർമ്മരാജനും യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കുമാണ് പോലീസ് കണ്ടെടുത്ത പണം തിരികെ കിട്ടണമെന്ന ഹർജി കോടതിയിൽ സമർപിച്ചിരിക്കുന്നത്.
ബിസിനസ് ആവശ്യത്തിന് കൊണ്ടുപോയിരുന്ന മൂന്നരക്കോടിയിലധികം രൂപ കാറിലുണ്ടായിരുന്നുവെന്നും അതാണ് നഷ്ടപ്പെട്ടതെന്നും വരുമാന സ്രോതസ് വെളിപ്പെടുത്തേണ്ടി വരുമെന്നതിനാലാണ് 25 ലക്ഷമേ നഷ്ടപ്പെട്ടുള്ളുവെന്ന് പരാതിപ്പെട്ടതെന്നുമാണ് ധർമ്മരാജന്റെ വാദം.
തട്ടിയെടുക്കപ്പെട്ട കാർ പോലീസ് കണ്ടെടുത്തിരുന്നു. ഇത് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ഡ്രൈവർ ഷംജീറും ഇരിങ്ങാലക്കുട കോടതിയിൽ ഹർജി സമർപിച്ചിട്ടുണ്ട്.എ
ന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പണവും കാറും വിട്ടുകൊടുക്കരുതെന്നും ആവശ്യപ്പെട്ട്പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപിച്ചിട്ടുണ്ട്. കേസിലെ ബി.ജെ.പി ബന്ധങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോടതി ഈ കേസിൽ വാദം തുടങ്ങിയെങ്കിലും പണം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ സമയം വേണമെന്ന ധർമ്മരാജന്റെ അഭിഭാഷകരുടെ അപേക്ഷ കോടതി പരിഗണിക്കുകയും ഹർജി പരിഗണിക്കുന്നത് 30ലേക്ക് മാറ്റുകയുമായിരുന്നു.
തൃശൂർ ജില്ല മജിസ്ട്രേറ്റ് കോടതിയിൽ കൊടകര കുഴൽപണ കവർച്ച കേസിലെ ആറു പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ബുധനാഴ്ച തീർപ്പുണ്ടാവുക. ഇവരുടെ ജാമ്യാപേക്ഷകളിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. തുടർന്നാണ് 30ന് തീർപ്പുകൽപ്പിക്കാൻ കേസ് മാറ്റിയത്.
ഒന്നാം പ്രതി കണ്ണൂർ കൂത്തുപറന്പ് മാങ്ങാട്ടിടം മഷറിക് മഹലിൽ മുഹമ്മദ് അലി (35), രണ്ടാം പ്രതി തലശ്ശേരി തിരുവങ്ങാട് വിൻസം വീട്ടിൽ സുജീഷ് (41), നാലാം പ്രതി തൃശൂർ വെള്ളിക്കുളങ്ങര വെട്ടിയാട്ടിൽ ദീപക് എന്ന ശങ്കരൻ (40), പതിനൊന്നാം പ്രതി തൃശൂർ വെള്ളാങ്കല്ലൂർ വെള്ളക്കാട് തരൂപ്പിടികയിൽ വീട്ടിൽ ഷുക്കൂർ (24), പതിനാലാം പ്രതി കണ്ണൂർ ഇരിട്ടി മുഴകുന്ന് സക്കീന മൻസിൽ കുന്നൂൽ വീട്ടിൽ അബ്ദുൾ റഹീം (35), ഇരുപതാം പ്രതി വെള്ളിക്കുളങ്ങര കോടാലി വല്ലത്ത് രഞ്ജിത് ഭാര്യ ദീപ്തി (34) എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് തൃശൂർ ജില്ലാ സെഷൻസ് ജഡ്ജി ഡി. അജിത്കുമാർ 30ന് തീരുമാനം പറയുക.
കേസിലെ മൂന്നാംപ്രതിയുടെ ഭാര്യയാണ് ദീപ്തി. കേസിലെ ഇരുപതാം പ്രതിയാണിവർ. തനിക്ക് ഒരു കൊച്ചുകുട്ടിയുണ്ടെന്നും അനുസരിച്ചില്ലെങ്കിൽ ഉപദ്രവിക്കുമെന്ന് പേടിച്ച് ഭർത്താവ് ഏല്പിച്ച പണം സൂക്ഷിച്ചുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും കുറ്റകൃത്യത്തിൽ തനിക്ക് പങ്കില്ലെന്നും മൂന്നാം പ്രതിയുടെ ഭാര്യയും ഇരുപതാം പ്രതിയുമായ ദീപ്തി വാദിച്ചു.
പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന് രാഷ്ട്രീയ ബന്ധമുണ്ടെന്നും പ്രതികൾ അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്നും രണ്ടു കോടിക്കടുത്ത് പണം ഇനിയും കണ്ടെടുക്കാനുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതികൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ കൊല്ലപ്പെടാനിടയുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.