സ്വന്തം ലേഖകൻ
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പ്രതികളുടെ ചോദ്യംചെയ്യൽ ഇന്ന് വീണ്ടും തുടങ്ങും. രണ്ടു പ്രതികളോട് ഇന്ന് തൃശൂർ പോലീസ് ക്ലബിൽ ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നിർദേശം നൽകി.
കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളെ ചോദ്യം ചെയ്യാൻ ഇന്നലെമുതൽ നിശ്ചയിച്ചിരുന്നെങ്കിലും ഹർത്താൽ ആയതിനാൽ ഇന്നേക്ക് മാറ്റുകയായിരുന്നു. ഹർത്താൽ കാരണം ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് പ്രതികൾ അറിയിച്ചിരുന്നു.
കവർച്ച ചെയ്യപ്പെട്ട പണത്തിലെ രണ്ടു കോടി രൂപ കണ്ടെത്തുകയാണ് ഇപ്പോൾ പ്രതികളെ ചോദ്യം ചെയ്യുന്നതിന്റെ ലക്ഷ്യം. കവർച്ച ചെയ്യപ്പെട്ട മൂന്നരകോടി രൂപ, ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ഈ തുകയുടെ ഉറവിടം കൂടി കണ്ടെത്തുകയാണ് തുടരന്വേഷണത്തിന്റെ ലക്ഷ്യം. ജാമ്യം ലഭിച്ച പ്രതികളെ ചോദ്യം ചയ്യാൻ അനുമതി തേടി പോലീസ് ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു.
ബാക്കി കവർച്ചാ പണം കണ്ടെത്താൻ കേസിലെ മുഴുവൻ പ്രതികളെയും വീണ്ടും ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ബിജെപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചോയെന്നതും അന്വേഷണ പരിധിയിൽ വരും.
കർണാടകത്തിൽ നിന്ന് എത്തിച്ച ബിജെപിയുടെ ഫണ്ട് ആണ് കവർച്ച ചെയ്യപ്പെട്ടതെന്ന പരാതിക്കാരൻ ധർമ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുക.
പിന്നീട് ധർമ്മരാജൻ ഇത് തന്റെ പണമാണെന്നും തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പണത്തിന്റെ ഉറവിടം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ധർമ്മരാജന് ഇതുവരെ കഴിഞ്ഞിട്ടില്ല.