തമിഴ്നാട് പോലീസിന്റെ ബുദ്ധികൂര്‍മത പല അവസരങ്ങളിലും രാജ്യം കണ്ടതാണ്. അത്തരത്തില്‍ മറ്റൊരു തന്ത്രപരമായ നീക്കത്തിലൂടെ പ്രതികളെ കുടുക്കിയിരിക്കുകയാണ് പോലീസിപ്പോള്‍. അതും പ്രമാദമായ കോടനാട് എസ്റ്റേറ്റ് മോഷണക്കേസിലെ പ്രതികളെ. വളരെ വിദ്ഗ്ധമായി ആസൂത്രണം ചെയ്ത മോഷണത്തില്‍ പ്രതികളെ കുടുക്കിയത് വെറുമൊരു തോര്‍ത്ത്. മോഷണം നടത്തുന്നതിന് മുമ്പ് കവര്‍ച്ചക്കാര്‍ കാവല്ക്കാരെ കെട്ടിയിടാന്‍ ഉപയോഗിച്ച തോര്‍ത്തില്‍ തുടങ്ങിയ അന്വേഷണം പ്രതികളിലേക്ക് എത്തിച്ചേര്‍ന്നത്. ഇത്തരം തോര്‍ത്ത് ഉപയോഗിക്കുന്നത് മലയാളികളാണെന്നതായിരുന്നു കണ്ടെത്തല്‍. ജയലളിതയുടെ വിലപ്പെട്ട പല വസ്തുക്കളും അടങ്ങിയ എസ്റ്റേറ്റെന്ന് വിലയിരുത്തുന്ന കോടനാട്ട് ബംഗ്ലാന്റെ രണ്ടു കാവല്‍ക്കാരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്.
മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ട കാവല്ക്കാരന് ഓം ബഹാദൂറിനെ തോര്‍ത്ത് കൊണ്ടു കെട്ടിയിട്ട നിലയിലാണ് പോലീസ് കണ്ടെത്തിയത്. തമിഴ്നാട്ടുകാര്‍ അല്ല ഈ തോര്‍ത്ത് ഉപയോഗിക്കുന്നതെന്നും മലയാളികളാണെന്നുമുള്ളതായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. മോഷണം തടയാന്‍ എത്തിയ കാവല്ക്കാരെ കയ്യുംകാലും കെട്ടി തലകീഴായി മരത്തില്‍ കെട്ടിയിടുകയായിരുന്നു. ഇവര്‍ കോത്തഗിരിക്കടുത്തുള്ള അളക്കരയിലെ കോട്ടേജില്‍ മൂന്ന് ദിവസം താമസിച്ചിരുന്നതായും കണ്ടെത്തി. കേസിലെ ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും അപകടം സംഭവിച്ചതും ഒന്നാംപ്രതി കനകരാജ് മരണമടഞ്ഞതും സംശയം ഉയര്‍ത്തിയിരുന്നു.
കനകരാജിന് അപകടം സംഭവിച്ചതിന് പിന്നാലെ രണ്ടാം പ്രതി സയനും അപകടത്തില്‍ പെടുകയും ഇയാളുടെ ഭാര്യയും മകളും മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഭാര്യയെയും മകളെയും സയന് മനപ്പൂര്‍വ്വം അപകടത്തില്‍ പെടുത്തിയതാണോ എന്ന സംശയം ഉയര്‍ന്നെങ്കിലും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ അത്തരം ഒരു സാധ്യത കണ്ടെത്താനായില്ല. കേസ് അട്ടിമറിക്കാന്‍ കേരളാപോലീസ് ശ്രമിച്ചെന്ന ആരോപണം ഉയരുന്നുണ്ട്. കേസില്‍ ആകെ പതിനൊന്നു പ്രതികളാണെന്നാണ് തമിഴ്നാട് പോലീസ് പറയുന്നത്. അതേസമയം, സംഭവത്തിനു പിന്നില്‍ ജയിലിലുള്ള ശശികലയുടെ ബന്ധുക്കളാണെന്ന ആരോപണം ശക്തമാണ്.