നെടുമങ്ങാട്: പ്ലസ് വൺ വിദ്യാർഥിനിയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ റിമാൻഡിലായ അമ്മ മഞ്ജുഷയേയും (34) , കാമുകൻ അനീഷനെയും (29) കൂടുതൽ തെളിവെടുപ്പിനായി ഏഴ് ദിവസത്തേക്ക് നെടുമങ്ങാട് കോടതി പോലീസ് കസ്റ്റഡിൽ വിട്ടു .
ഇവരെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ടു കിട്ട ണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇന്നു മുതൽ ഇവരെ വിശദമായ ചോദ്യം ചെയ്യലും തുടർന്ന് തെളിവെടുപ്പും ആരംഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
കൊല നടത്തിയ പറണ്ടോട് കുന്നുംപുറത്തെ വാടക വീട്ടിലും, മൃതദേഹം തള്ളിയ കിണർ സ്ഥിതി ചെയ്യുന്ന സ്ഥലത്തും ഇതിനുശേഷം ഇവിടെ നിന്നും മുങ്ങി ഇവർ താമസിച്ചിരുന്ന നാഗര്‍കോവിലിലെ വാടക വീട്ടിലും കൂടുതൽ തെളിവ് ശേഖരണത്തിനായി ഇവരെ കൊണ്ടുപോകും.
പ്ലസ് വൺ വിദ്യാർഥിനിയായ മീരയെ കഴിഞ്ഞ പത്തിന് രാത്രിക്കാണ് അമ്മയും അവരുടെ കാമുകനും പറണ്ടോട് കുന്നിലെ വാടക വീട്ടില്‍ വച്ച് കഴുത്ത് ഞെരിച്ച് കൊന്നത്. തങ്ങളുടെ സ്വകാര്യ ജീവിതത്തിന് തടസമാകുമെന്നു കരുതിയാണ് മീരയെ കൊലപ്പെടുത്തിയതെന്നാണ് ഇവർ നേരത്തെ പൊലീസിനോട് സമ്മതിച്ചത്.
കൊല നടന്ന അന്ന് രാത്രി തന്നെ കരുപ്പൂര് കാരാന്തലയിൽ അനീഷിന്റെ വീടിനു സമീപമുള്ള ആള്‍പാർപ്പില്ലാത്ത പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ മൃതദേഹം ബൈക്കിൽ എത്തിച്ച് തള്ളുകയായിരുന്നു.കൊലയ്ക്ക് ശേഷം തമിയ്നാട്ടിലേക്ക് കടന്ന മഞ്ജുഷയേയും അനിഷിനേയും വെള്ളിയാഴ്ചയാണ് നാഗർകോവിലിലെ വാടക വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.