അതിസന്പന്നരായ ഇന്ത്യക്കാരുടെ പട്ടിക- ഹാരുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2017- പുറത്തിറങ്ങി. 1000 കോടി രൂപയിൽ കൂടുതൽ സ്വത്ത് ഉള്ള 617 പേരാണ് പട്ടികയിൽ സ്ഥാനം പിടിച്ചത്.
നാലിൽ ഒന്ന്
ഈ 617 പേരുടെ മൊത്തം സന്പത്ത് 64,000 കോടി ഡോളർ (40.96 ലക്ഷം കോടി രൂപ). ഇത് ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം)യുടെ നാലിലൊന്നു വരും. അല്ലെങ്കിൽ സ്വിറ്റ്സർലൻഡിന്റെ ജിഡിപി (66,000 കോടി ഡോളർ)ക്കടുത്ത്. അതുമല്ലെങ്കിൽ ദക്ഷിണാഫ്രിക്കയുടെയും (31700 കോടി ഡോളർ) ഇസ്രയേലിന്റെയും (34000 കോടി ഡോളർ) ജിഡിപികൾ കൂടിച്ചേർത്താൽ ഉള്ളിടത്തോളം.
അംബാനി തന്നെ
ഒന്നാംസ്ഥാനത്ത് ആറാമത്തെ വർഷവും റിലയൻസ് ഉടമ മുകേഷ് അംബാനി തന്നെ. 2,57,900 കോടി രൂപ. തലേവർഷത്തേക്കാൾ 58 ശതമാനം അധികം. ജൂലൈ 31-ലെ നിലവച്ചാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.
പതഞ്ജലി വഴി
ഏറ്റവും വലിയ നേട്ടമുണ്ടാക്കിയവരിൽ പതഞ്ജലി കന്പനിയുടെ സിഇഒ ആചാര്യ ബാലകൃഷ്ണ പെടുന്നു. കഴിഞ്ഞവർഷം 25-ാം സ്ഥാനത്തായിരുന്നു. ഇപ്പോൾ ഏഴാമത്. സ്വത്തിലെ വളർച്ച 173 ശതമാനം. ഫോബ്സ് മാസികയുടെ ആഗോള പട്ടികയിൽ 814-ാം സ്ഥാനത്തുണ്ട് ഇദ്ദേഹം.പതഞ്ജലി കന്പനിയുടെ 94 ശതമാനം ഉടമസ്ഥത നേപ്പാളിൽ ജനിച്ച ഈ നാല്പത്തിനാലുകാരന്റെ പേരിലാണ്. കഴിഞ്ഞവർഷം പതഞ്ജലി 10,561 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാക്കി.
ഈ വർഷം അത് ഇരട്ടിപ്പിക്കുമെന്നാണ് പ്രതീക്ഷ. മുഖ്യ എതിരാളിയായ ഹിന്ദുസ്ഥാൻ യൂണിലിവറിനു 30,000 കോടി രൂപയാണ് വിറ്റുവരവ്.
പ്രായം കുറഞ്ഞവർ
മീഡിയ ഡോട് നെറ്റ് എന്ന കന്പനിയുടെ ഉടമ ദിവ്യാങ്ക് തുറഖിയ എന്ന മുപ്പത്തിനാലുകാരനാണ് പട്ടികയിലെ ഏറ്റവും ചെറുപ്പക്കാരൻ. പ്രായം കുറഞ്ഞ സ്ത്രീ മ്യൂസിഗ്മ എന്ന ഡാറ്റാ അനലിറ്റിക്സ് സ്ഥാപനത്തിന്റെ സ്ഥാപക നാല്പത്തിരണ്ടുകാരി അംബിക സുബ്രഹ്മണ്യൻ.