കോടഞ്ചേരി: ഭാര്യയുമായുള്ള വഴിവിട്ട ബന്ധം ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലംഗസംഘത്തിന് പുറമേ കൂടുതല്‍ പേരിലെന്ന് പോലീസ്. സംഭവത്തില്‍ പ്രതികളുമായുള്ള തെളിവെടുപ്പും ഫോറന്‍സിക് പരിശോധനയും കാലതാമസമില്ലാതെ നടത്തുമെന്ന് കോടഞ്ചേരിപോലീസ് അറിയിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ പരിശോധനയും ഇതിനൊപ്പം നടക്കും.
ക്വട്ടേഷന്‍സംഘത്തില്‍ ഉണ്ടായുന്ന പ്രായപൂര്‍ത്തിയാകാത്തയാളെ ജുവൈനല്‍ ഹോമിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. കേസിലെ എല്ലാ പ്രതികളെയും 12 മണിക്കൂറിനുള്ളിൽ കണ്ണോത്ത്, വയനാട് വൈത്തിരി എന്നിവിടങ്ങളിൽനിന്നായി കോഴിക്കോട് റൂറൽ എസ്പി ഡോ. അർവിന്ദ് സുകുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു.
നൂറാംതോട് മുട്ടിത്തോട് ചാലപ്പുറത്ത് വീട്ടിൽ നിധിൻ തങ്കച്ചനെ (25) യാണ് കൊലപ്പെടുത്തിയത്.
കോടഞ്ചേരി കൈപ്പുറം വേളങ്ങാട്ട് അഭിജിത് (27), മുക്കം മൈസൂർമല കോട്ടകുത്ത് മുഹമ്മദ് റാഫി (19), തിരുവന്പാടി മുല്ലപ്പള്ളി മുഹമ്മദ് അഫ്സൽ (21), പ്രായപൂർത്തിയാകാത്ത തിരുവന്പാടി സ്വദേശിയായ പതിനേഴുകാരൻ എന്നിവരെയാണ് കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
മുഖ്യപ്രതി അഭിജിത്തിന്റെ ഭാര്യയെ നിതിൻ ശല്യപ്പെടുത്തിയിരുന്നുവെന്നും നിതിന്റെ ശല്യം ഒഴിവാക്കാനാണ് കൊലപാതകം നടത്തി മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളിയതെന്നുംപോലീസ് പറഞ്ഞു. ഫോണ്‍ കാൾ ഡീറ്റെയിൽസ് പരിശോധിച്ചപ്പോൾ നിതിൻ അവസാനമായി വിളിച്ചത് പ്രതി അഭിജിത്തിന്റെ ഭാര്യയെ ആണെന്ന് പോലീസിന് മനസിലായി. ഇതുപ്രകാരം ഭാര്യയെയും അഭിജിത്തിനെയും ചോദ്യം ചെയ്തതിൽ അഭിജിത് പോലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു.