സ്വന്തം ലേഖകൻ
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധകേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന കൊടിസുനി ജയിലിൽ കഴിയവേ കവർച്ച ആസൂത്രണം ചെയ്ത സംഭവത്തിൽ തണലായത് പോലീസ്. രാഷ്ട്രീയ -പോലീസ് ഒത്താശയോടെ കവർച്ച നടത്തിയതെന്നാണ് ഡിആർഐ വൃത്തങ്ങൾ നൽകുന്ന സൂചന.
2017 ജൂലായ് 16-നാണ് കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തിന്റെ നിർദേശപ്രകാരം ദേശീയപാതയിൽ നല്ലളം മേഡേണ് സ്റ്റോപ്പിനു സമീപം കാർ യാത്രക്കാരനെ അക്രമിച്ച് 85 ലക്ഷത്തോളം വരുന്ന മൂന്നു കിലോ കള്ളക്കടത്ത് സ്വർണം കവർന്നത്. കവർച്ചയ്ക്കുശേഷം കാക്ക രഞ്ജിത്തിന്റെ ഫോണിൽനിന്ന് കണ്ണൂരിലെ ഉന്നത രാഷ്ട്രീയ നേതാവിന് വിളി പോയതായി പോലീസ് കണ്ടെത്തിയതോടെയാണ് തുടരന്വേഷണം ഡിആർഐയെ ഏൽപ്പിക്കാതെ കേസ് അട്ടിമറിച്ചതെന്നു സൂചനയുണ്ട്.
ടി.പി.കേസിലെ പ്രതികൾ കൊലയ്ക്കുശേഷം കണ്ണൂരിലെ നേതാവിനെയടക്കം ഫോണിൽ വിളിച്ചതായി അന്ന് ക്രൈംബ്രാഞ്ച് നടത്തിയ ടവർ ഡംപ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിനുശേഷം പ്രതികൾ ഫോണിൽ ബന്ധപ്പെട്ട അതേ നേതാക്കളിൽ ഒരാളെയാണ് കാക്ക രഞ്ജിത്തും വിളിച്ചത്.
ചൊക്ലി സ്വദേശിയുടെ സ്വർണമാണ് കവർന്നത്. കാറിലുണ്ടായിരുന്ന പെട്ടിയും അഞ്ചുലക്ഷം രൂപയും കവർന്നുവെന്നായിരുന്നു ഇയാൾ നൽകിയ മൊഴി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വർണമാണ് കവർന്നതെന്ന് വെളിപ്പെട്ടത്. എന്നാൽ കാറിലുണ്ടായിരുന്നതായി സംശയിക്കുന്ന കൂടുതൽ സ്വർണം മാറ്റാൻ പോലീസ് തന്നെ ഒത്താശ ചെയ്തതായി ഡിആർഐ സംശയിക്കുന്നു.
കവർച്ച ചെയ്യാനും സ്വർണം മറിച്ചുവിൽക്കാനും ഫോണ് മുഖാന്തരം കൊടിസുനി നിർദേശം നൽകുകയും തുടർ നടപടികൾ ആസൂത്രണം ചെയ്യുകയുമായിരുന്നു. ചൊക്ലി സ്വദേശിയാണ് കവർച്ചക്കിരയായത്. ജയിലിൽ കൊടി സുനി ചൊക്ലി സ്വദേശിയായ സുഹൃത്തിന്റെ സിംകാർഡാണ് ഉപയോഗിച്ചത് . ഒട്ടേറെ പിടിച്ചുപറി കേസിൽ പ്രതിയായ കോഴിക്കോട് പൊക്കുന്ന് സ്വദേശി കാക്ക രഞ്ജിത്ത്, കൊല്ലത്തെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ രാജേഷ് ഖന്ന എന്നിവരുമായി ചേർന്നാണ് സുനി പദ്ധതി നടപ്പിലാക്കിയത്. ഈ കേസിൽ കാക്ക രഞ്ജിത്തിന്റെ കുറ്റസമ്മതമൊഴിയിലും കൊടിസുനിയുടെ ബന്ധം വെളിപ്പെടുന്നു.
സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചെങ്കിലും അത് പുറത്തായതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ പോലീസ് വിയ്യൂർ ജയിലിലെത്തി സുനിയെ ചോദ്യം ചെയ്യും. രാജേഷ് ഖന്നയെ കാപ്പ നിയമപ്രകാരം വിയ്യുർ സെൻട്രൽജയിലിൽ കരുതൽ തടങ്കലിൽ ഇട്ടിരുന്നു. കവർച്ചകേസ് അന്വേഷിച്ചസംഘം 2017 ഓഗസ്ത് 29-ന് കാക്ക രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. രാജേഷ് ഖന്ന വിയ്യൂർ സെൻട്രൽ ജയിലിലെത്തി കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവും പോലീസിന് ലഭിച്ചു. ഈ കേസിൽ കാക്ക രഞ്ജിത്ത് ഉൾപ്പെടെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്.
കള്ളക്കടത്തിനായി ഉപയോഗിച്ച കാർ നല്ലളം പോലീസ് കസ്റ്റഡിയിലെടുത്ത് പത്തുദിവസം സ്റ്റേഷൻ കോംപൗണ്ടിൽ ഇട്ടിരുന്നു. കാർ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻകഴിഞ്ഞില്ലെന്നാണ് പോലീസ് ഡിആർഐയെ അറിയിച്ചത്. പിന്നീട് വിവരമറിഞ്ഞ ഡിആർഐ സംഘം കാർ പരിശോധിക്കാൻ തങ്ങൾ എത്തുമെന്ന് നല്ലളം എസ്ഐ കൈലാസ്നാഥിനെ അറിയിച്ചിരുന്നു.
എന്നാൽ ഡിആർഐ എത്തുന്നതിനു അരമണിക്കൂർ മുൻപ് കാർ വിട്ടുകൊടുത്തു. ഫോറൻസിക് വിദഗ്ദരും ബോംബ് സ്ക്വാഡുമടക്കം കാർ വിശദമായി പരിശോധിച്ചെന്നും അസ്വാഭിവകമായി ഒന്നും കണ്ടെത്താനായില്ലെന്നുമായിരുന്നു എസ്ഐ ഡിആർഐയോടു പറഞ്ഞത്. പിന്നീട് കാർ ഫറോക്കിലെ വർക്ക് ഷോപ്പിലുണ്ടെന്നറിഞ്ഞ് ഡിആർഐ അധികൃതർ നടത്തിയ പരിശോധനയിലാണ് കാറിന്റെ പ്ലാറ്റ്ഫോമിനടിയിലായി രഹസ്യ അറ കണ്ടെത്തിയത്.
ഉന്നതരാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഫലമായാണ് കാർ ഡിആർഐ എത്തുന്നതിനു മുൻപുതന്നെ വിട്ടുനൽകിയതെന്നാണ് അറിയുന്നത്. കൊടും കുറ്റവാളി ഉൾപ്പെട്ടകേസായിട്ടുപോലും ഇപ്പോഴും കേസ് അന്വേഷിക്കുന്നത് നല്ലളം എസ്ഐ തന്നെയാണ്. ഇതും ശക്തമായ രാഷ്ട്രീയ സമ്മർദ്ദത്തെതുടർന്നെന്നാണ് സുചന. കേസിൽ കൊടി സുനി ഉൾപ്പെട്ടതായ വിവരം പോലീസിൽനിന്നുതന്നെ ചോർന്നതോടെയാണ് കൊടിസുനിയെ ജയിലിലെത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ജയിലിൽ കഴിയവേ നിരവധി തവണ കൊടിസുനി ഫോണ് ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. ജയിലിൽ കഴിയുന്പോൾ പോലും വൻ കവർച്ച ആസൂത്രണംചെയ്തത് പോലീസ് വൃത്തങ്ങളെ പോലും ഞെട്ടിച്ചിരിക്കുകയാണ്.