കണ്ണൂര്‍: സംസ്ഥാനത്തെ ജയിലുകളില്‍ സിപിഎം തടവുകാര്‍ക്ക് രാജകീയ ജീവിതമെന്ന് വിവരം. പല ജയിലുകളുടെയും ഉള്ളറകള്‍ പാര്‍ട്ടിഗ്രാമങ്ങള്‍ക്ക് സമമാണെന്ന വിവരമാണ് പുറത്തുവരുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളി കൊടിസുനി തൃശുര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ‘വി.ഐ.പി’യാണ്. ഇവിടെ എല്ലാം നിയന്ത്രിക്കുന്നതും കൊടി സുനി തന്നെ.
യഥേഷ്ടം ഫോണ്‍ വിളിക്കാം, പ്രത്യേക ഭക്ഷണം, വാര്‍ഡന്മാരെ എടാ പോടാ എടാ പോടാ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം. എന്നിങ്ങനെ ജയിലിനു പുറത്തു കിട്ടുന്നതിനേക്കാള്‍ സുഖസൗകര്യത്തിലാണ് സുനിയുടെ ജീവിതം.
ഒരിക്കല്‍ ജയിലിനകത്തുനിന്ന് സുനി ഫോണ്‍ വിളിക്കുന്നതു മൊബൈലില്‍ പകര്‍ത്തിയ വാര്‍ഡനു ലഭിച്ചത് മെമോ. വിയ്യൂരില്‍ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ ജയിലുകളിലും സിപിഎം നിയന്ത്രണമാണുള്ളത്. 2017 ജനുവരിയിലാണു കൊടി സുനി ജയില്‍ ഉദ്യോഗസ്ഥനു മെമോ ‘കൊടുപ്പിച്ചത്’.
ഉദ്യോഗസ്ഥന്‍ ഫോണ്‍ വിളി പകര്‍ത്തുന്നതു കണ്ട സുനി ഫോണ്‍ പിടിച്ചെടുത്ത് സിംകാര്‍ഡ് നശിപ്പിച്ചു. ജയിലിനകത്തു കാമറ കടത്തിയെന്നു പറഞ്ഞ് വാര്‍ഡനു ജെയിലര്‍ മെമോ നല്‍കി. തടവുകാരുടെ ചിത്രം അനുമതിയില്ലാതെ എടുക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണു വിശദീകരണം തേടിയത്. എന്നാല്‍ സുനി ആരോടാണു സംസാരിച്ചത് എന്നതിനെപ്പറ്റി അന്വേഷണം നടന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
പാര്‍ട്ടിഗ്രാമങ്ങളെപ്പോലും തോല്‍പ്പിക്കുന്ന അധീശത്വമാണ് സിപിഎം ജയിലുകളില്‍ വച്ചുപുലര്‍ത്തുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ‘പാര്‍ട്ടി ഗ്രാമങ്ങള്‍’ നേരത്തെതന്നെയുണ്ടെങ്കിലും ഇടതു ഭരണത്തില്‍ ജയിലിലെ അത് കൂടുതല്‍ ശക്തമായി. കണ്ണൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിനൊപ്പം ജയിലില്‍ റിമാന്‍ഡ് തടവുകാരായി കഴിഞ്ഞവരുടെ വെളിപ്പെടുത്തലുകള്‍ ആരോപണം ശരിവയ്ക്കുന്നു. ജയില്‍ അധികാരികള്‍ സിപിഎമ്മുകാരായ വി.ഐ.പി. തടവുകാരുടെ ആജ്ഞകള്‍ അനുസരിക്കുന്ന പാവകള്‍ മാത്രം.
പരോളും ശിക്ഷാകാലാവധി തീരുന്നതിനു മുമ്പുള്ള ജയില്‍ മോചനവും നിയന്ത്രിക്കുന്നത് നിയമങ്ങളോ ജയില്‍ വകുപ്പുകളോ അല്ല, രാഷ്ട്രീയ നേതാക്കള്‍ അടങ്ങുന്ന ഉപദേശക സമിതികളാണ്. ഇതിലും സിപിഎം. ഇടപെടല്‍ ശക്തം. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ടി.പി വധക്കേസിലെ പ്രതികള്‍ക്ക് കൈയയച്ചു പരോള്‍ നല്‍കിയതിന്റെ തെളിവുകള്‍ പുറത്തു വന്നിരുന്നു.
പ്രതികളെ കോടതിയിലേക്കു കൊണ്ടുപോകുമ്പോള്‍ ഹോട്ടലില്‍ വച്ച് കുടുബാംഗങ്ങളുമായുള്ള സമാഗമത്തിന് സാഹചര്യമൊരുക്കുന്നു. സംസ്ഥാനത്തെ മറ്റു ജയിലുകളില്‍നിന്ന് പാര്‍ട്ടി തടവുകാര്‍ കണ്ണൂരിലേക്ക് മാറാനുള്ള താല്‍പര്യം പ്രകടിപ്പിക്കുന്നതിന് കാരണവും കണ്ണൂരിലെ സൗകര്യങ്ങള്‍ തന്നെ. 850 തടവുകാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇപ്പോള്‍ 1100 ലേറെ തടവുകാരായിക്കഴിഞ്ഞു. ഇനിയും ജയില്‍ മാറ്റത്തിനുള്ള അപേക്ഷകള്‍ പരിഗണനയിലാണ്.
കണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ജയില്‍ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി തടവുകാര്‍ക്കു ചികിത്സയും നല്‍കുന്നു.. കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഏഴ് തടവുകാര്‍ ചികിത്സക്ക് വിധേയരായതായാണ് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നത്.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ ടി.കെ രജീഷ്, കെ.സി രാമചന്ദ്രന്‍, കതിരൂര്‍ മനോജ് കേസിലെ പ്രതികളായ പ്രഭാകരന്‍, ജിജേഷ്, റിജു, സിനില്‍ കുമാര്‍, തൃശൂരിലെ സുരേഷ് ബാബു കൊലക്കേസിലെ പ്രതി ബാലാജി തുടങ്ങിയ സിപിഎം പ്രവര്‍ത്തകരാണ് ചികിത്സയ്ക്കു വിധേയരായത്. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് പ്രതികളുടെ ബന്ധുക്കള്‍ക്ക് സന്ദര്‍ശനമനുവദിക്കുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് കാര്യമായ അസുഖങ്ങളില്ലെന്നതും ശ്രദ്ധേയമാണ്. ഇവരെ ആശുപത്രിയിലാക്കുന്നതിന് ജയില്‍അധികൃതര്‍ക്കു മേല്‍ കടുത്ത സമ്മര്‍ദമുണ്ടാകുന്നുണ്ട്. ജയില്‍ചട്ടമനുസരിച്ച് തടവുകാര്‍ക്ക് ഒരു വര്‍ഷം 60 ദിവസമാണ് പരോള്‍ അനുവദിക്കാനാകുക. ഇതിനുപുറമേയാണു ചികിത്സയുടെ പേരില്‍ പരോളിന് സമാനമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ജയിലിലായതോടെ ജയിലിലെ തര്‍ക്കങ്ങളും സംഘര്‍ഷവും തീര്‍പ്പാക്കുന്നത് അവരാണ്. നേതാക്കളുടെ പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ കടുത്ത ശിക്ഷയാകും ലഭിക്കുക. ഇതര രാഷ്ട്രീയ തടവുകാര്‍ക്കു പലപ്പോഴും ക്രൂര മര്‍ദനമാണ്. റിമാന്‍ഡ് തടവുകാരനായി ഈയിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകന് ക്രൂര മര്‍ദനമേറ്റിരുന്നു. കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് താടിരോമങ്ങള്‍ പിഴുതെടുക്കുന്നതാണ് ഇവരുടെ രീതി. അടിപൊളി ജീവിതത്തിന്റെ ഇടയ്ക്കുള്ള തമാശകളാണ് ഇതൊക്കെ.