വിയ്യൂര്‍ (തൃശൂർ): ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയെ ജയില്‍ മാറ്റി. വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍നിന്നു മലപ്പുറം തവനൂര്‍ ജയിലിലേക്കാണു മാറ്റം. കഴിഞ്ഞദിവസം ജയിലിലുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണു നടപടി.
കൊടി സുനിയുടെ നേതൃത്വത്തിലുണ്ടായ ആക്രമണം ഒരുമാസം നീണ്ടുനിന്ന ആസൂത്രണത്തിന്റെ ഭാഗമായിരുന്നെന്ന സംശയം ഇപ്പോൾ സത്യമായിരിക്കുകയാണ്. ജയില്‍ മാറാന്‍ കൊടി സുനിയും തിരുവനന്തപുരം സ്വദേശി കാട്ടുണ്ണിയും സംഘവും നടത്തിയ നാടകീയ നീക്കമായിരുന്നു സംഘർഷം എന്നായിരുന്നു ആക്ഷേപം.
കൊടി സുനിയുടെ നേതൃത്വത്തിലാണു തടവുപുള്ളികള്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചതെന്നാണു വിയ്യൂര്‍ പോലീസ് എഫ്ഐആറില്‍ പറയുന്നത്. തിരുവനന്തപുരം ജയിലില്‍നിന്ന് അച്ചടക്കപ്രശ്നങ്ങളെത്തുടര്ന്ന് വിയ്യൂര്‍ ജയിലിലേക്കു മാറ്റിയ കൊലക്കേസ് പ്രതിയായ കാട്ടുണ്ണി രഞ്ജിത്തും സംഘവുമാണു സംഭവദിവസം രാവിലെമുതൽ പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടിരുന്നത്.
മൂന്നു ജയില്‍ ജീവനക്കാര്‍ക്കും ഒരു പ്രതിക്കും ജയിലില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, മിബുരാജ് തുടങ്ങിയ പത്തോളം തടവുകാരാണു ജയില്‍ ജീവനക്കാരെ മര്‍ദിച്ചത്. ജീവനക്കാരായ അര്ജുന്, ഓംപ്രകാശ്, വിജയകുമാര്‍ എന്നിവര്‍ക്ക് അന്നു പരിക്കേറ്റിരുന്നു.
സംഘർഷത്തിനുപിന്നാലെ കൊടി സുനിക്കു ജയിലില്‍ ജീവനക്കാരുടെ മര്‍ദനമേറ്റെന്ന പരാതിയുമായി കുടുംബം രംഗത്തു വന്നു. സുനിക്കു കാര്യമായ പരിക്കുകളില്ലെന്നു ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്കി, മെഡിക്കല്‍ കോളജില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തതിനു തൊട്ടുപിന്നാലെയാണു ജയിൽമാറ്റത്തിനുള്ള ഉത്തരവും വരുന്നത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സുനി അതിസുരക്ഷാജയിലില്‍ നിരാഹാരമിരുന്നിരുന്നു. കണ്ണൂര്‍ ജയിലില്‍ കൊടി സുനി അടക്കമുള്ള സിപിഎം തടവുകാര്‍ക്കു പ്രത്യേക പരിഗണനയും സൗകര്യങ്ങളുമാണു ലഭിച്ചിരുന്നതെന്ന ആരോപണവുമുണ്ടായിരുന്നു.
ജയില്‍മാറ്റം ആവശ്യപ്പെട്ട് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ കൊടി സുനി നൽകിയ അപേക്ഷയും തള്ളിയിരുന്നു. വിയ്യൂര്‍ ജയിലിനുള്ളില്‍ തനിക്കു വധഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടിയും സുനി പ്രശ്നങ്ങളുണ്ടാക്കി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റം ലഭിക്കാനുള്ള സമ്മര്ദതന്ത്രമാണിതെന്ന് അധികൃതര്‍ക്കു ബോധ്യപ്പെട്ടിരുന്നതുമാണ്.