കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന കൊടി സുനി ജയിലിൽ കഴിയവേ കവർച്ച ആസൂത്രണം ചെയ്ത സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ആർഎംപി നേതാവ് കെ.കെ. രമ. ജയിലിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ കൂടിയാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുന്നതെന്നും രമ ദീപികയോട് പറഞ്ഞു.
ജയിലിൽ കഴിയുന്ന ക്രമിനൽ കേസ് പ്രതികൾ പുറത്തുള്ള കവർച്ച ആസൂത്രണം ചെയ്യുന്നത് നിസാര സംഭവമായി കാണാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു. ഇതിൽ സംസ്ഥാന സർക്കാർ ഇടപെടുമെന്ന് കരുതുന്നില്ല. ക്രിമിനൽ കേസ് പ്രതികൾക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്ന സർക്കാരാണു കേരളം ഭരിക്കുന്നതെന്നും അവർ പറഞ്ഞു. ജയിലിനുള്ളിൽ പ്രതികൾക്ക് സഹായം നൽകുന്നത് ജയിൽ ഉദ്യോഗസ്ഥർ തന്നെയാണെന്നും രമ കുറ്റപ്പെടുത്തുന്നു.
നേരത്തെ ജയിലിനുള്ളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ഡിജിപിക്ക് ആർഎംപി പരാതി നൽകിയിരുന്നു. പരാതിയിന്മേൽ യാതൊരു നടപടിയും സ്വീകരിക്കാത്തിതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നതെന്നും രമ പറഞ്ഞു.