നിലന്പൂർ: ജയിക്കാനായി തോറ്റവർക്കൊപ്പം ഉല്ലാസയാത്ര ഒരുക്കി നാടിന് മാതൃകയാവുകയാണ് എഐഎസ്എഫും സിപിഐയും.
എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടാനാകാതെ പോയ വിദ്യാർഥികൾക്കായി ഉല്ലാസയാത്ര ഒരുക്കുന്നത് ചലിയാർ പഞ്ചായത്ത് എഐഎസ്എഫ് മേഖലാ കമ്മിറ്റിയാണ്.
സിപിഐ ചാലിയാർ ലോക്കൽ കമ്മിറ്റിയും ഇവർക്കൊപ്പമുണ്ട്. ‘ജയിക്കാനായി തോറ്റവർക്കൊപ്പം’ എന്ന പേരിൽ എസ്എസ്എൽസി പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്കായി ഒരു ദിവസത്തെ ഉല്ലാസയാത്ര കൊടൈക്കനാലിലേക്കാണ് നടത്തുന്നത്. കുട്ടികൾക്കൊപ്പം അവരുടെ രക്ഷിതാക്കളും ഉണ്ടാകും.
അവർക്ക് സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ കൗണ്‍സലിംഗ്, മാനസിക സമ്മർദവും നിരാശാബോധവും കുറയ്ക്കാൻ മൈൻഡ് റിലാക്സേഷൻ ഗെയിം തുടങ്ങിയ പരിപാടികൾ നടത്തും.
തുടർപഠന സഹായവും നൽകുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ്എസ്എൽസി പരീക്ഷയിലെ പരാജയം അവരുടെ ഉന്നത പഠനത്തിനു തടസമാകാതെ അവരെയും ഉന്നത പഠനത്തിന് അർഹരാക്കും.
ഇവർക്ക് ട്യൂഷൻ ഉൾപ്പെടെ നൽകും. എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയവരിൽ പരാജയപ്പെട്ട 14 പേർക്കാണ് ഉല്ലാസയാത്ര ഒരുക്കുന്നത്.
വാർത്താ സമ്മേളനത്തിൽ സിപിഐ ചാലിയാർ ലോക്കൽ സെക്രട്ടറി നിഷീദ്, ഐഎസ്എഫ് മണ്ഡലം സെക്രട്ടറി ആദിത്യൻ പുത്തൻപുരക്കൽ, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ്് ആർ.പി.സജീവ്, ഐഎസ്എഫ് മേഖലാ ഭാരവാഹി കെ.സഫ്വാൻ കരുളായി എന്നിവർ പങ്കെടുത്തു.