പത്തനംതിട്ട: വനത്തിൽ കഴിയുന്ന ആദിവാസികളടക്കമുള്ളവരെ പുറത്തിറക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
വനത്തിനുള്ളിൽ സ്ഥിരതാമസമാക്കിയിട്ടുള്ള പട്ടികവർഗക്കാരായ ആദിവാസികൾ രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ നിന്നായി പത്തുലക്ഷത്തോളം ആളുകൾക്കെതിരെയുള്ളതാണ് സുപ്രീംകോടതി വിധി. വനാവകാശനിയമപ്രകാരം വനത്തിൽ കഴിയാനുള്ള അവകാശം അവർക്കുണ്ട്.
2005നു മുന്പ് വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസി വിഭാഗമടക്കമുള്ളവർക്ക് അതിനുള്ള അവകാശം നൽകിക്കൊണ്ടാണ് 2006ൽ വനാവകാശനിയമം കൊണ്ടുവന്നതെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ അനാസ്ഥ മൂലമാണ് ഇത്തരത്തിലൊരു തീരുമാനം സുപ്രീംകോടതിയിൽ നിന്നുണ്ടായത്.
കേസ് നൽകിയവരുമായി കേന്ദ്രസർക്കാർ ഒത്തുകളിച്ചതായും കോടിയേരി ആരോപിച്ചു. ആദിവാസികളെ ഒഴിപ്പിക്കാനുള്ള തീരുമാനം സമൂഹത്തോടുള്ള ക്രൂരതയാണ്. കേരളത്തിൽ മാത്രം 894 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും.കൈവശക്കാർക്ക് അനുകൂലമായ നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കൈവശാവകാശ രേഖയും പട്ടയവും നൽകിവരുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ആശങ്കയിൽ ജില്ലയിലെ ആയിരത്തോളം ആദിവാസികൾ
കോന്നി: സുപ്രീംകോടതി ഉത്തരവു പ്രകാരം ആദിവാസികളെ കാട്ടിൽ നിന്നൊഴിപ്പിച്ചാൽ ജില്ലയിൽ ആയിരത്തിലധികം ആളുകൾക്ക് സർക്കാർ അഭയം നൽകേണ്ടിവരും. കാടിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഇക്കൂട്ടരെ പുറംലോകത്തു താമസിപ്പിക്കുക അപ്രായോഗികമെന്നും വിലയിരുത്തൽ.
ജില്ലയിലെ ആവണിപ്പാറ, കോട്ടാപ്പാറ, നെല്ലിക്കപ്പാറ, കാട്ടാത്തിപ്പാറ, തല മാനം, മൂഴിയാർ, ഗവി , കൊച്ചാണ്ടി, ശബരിമല വനങ്ങളിലായി കഴിയുന്ന ആദിവാസികളുടെ കണക്കെടുപ്പ് തന്നെ പൂർണമല്ല. വനം വകുപ്പും ആദിവാസി ക്ഷേമ വകുപ്പും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് ഇവരുടെ മെച്ചപ്പെട്ട വികസനത്തിനായി ഒട്ടനവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും പലർക്കും ഇതിന്റെ ഗുണഫലങ്ങൾ കിട്ടുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നതിനിടെയാണ് ഇവരെ കാടിറക്കണമെന്ന കോടതി വിധി ഉണ്ടായിരിക്കുന്നത്.
ആദിവാസി വിഭാഗങ്ങൾക്ക് അവരുടേതായ ചില രീതികളുണ്ട്. അത്തരം ജീവിത ശൈലികളിലൂടെ മാത്രമേ ഇവർ മുന്നോട്ട് പോകുകയുള്ളൂ. കാടിനോട് ചേർന്നു തന്നെ ഇവർക്ക് വീടുകളും മറ്റു സൗകര്യങ്ങളും സർക്കാർ നൽകിയിട്ടുണ്ടെങ്കിലും ഇവരിൽ പലരും ഇത്തരം സ്ഥലങ്ങളിൽ അന്തിയുറങ്ങാറില്ല. വന വിഭവങ്ങൾ ശേഖരിക്കലും കാട്ടു കിഴങ്ങുകൾ ഭക്ഷണമാക്കിയും കഴിയുന്ന ഇക്കൂട്ടർക്ക് ഉൾവനങ്ങൾ തന്നെയാണ് ജീവിതം.
വന വിഭവങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ട വികസന ഏജൻസിക്ക് കൈമാറുമ്പോൾ കിട്ടുന്ന ചെറിയ വരുമാനമാണ് ഇവരുടെ പ്രധാന ആശ്രയം. കുട്ടികളുടെ വിദ്യാഭ്യാസത്തിനുൾപ്പെടെ സർക്കാർ മെച്ചപ്പെട്ട പദ്ധതിക്കൾ നൽകുന്നുണ്ടെങ്കിലും പലരും ഇപ്പോഴും മുഖം തിരിച്ച് നിൽക്കുകയാണ്. സുപ്രീം കോടതി പറഞ്ഞതനുസരിച്ച് രാജ്യത്ത് 10 ലക്ഷം ആദിവാസി കുടുംബങ്ങളാണ് കാടിറക്കേണ്ടി വരിക. വനവും, വന്യ ജീവികളും ജീവിതത്തിന്റെ ഭാഗമായ ഇവരെ കാടിറക്കിയാൽ ഉണ്ടാകുന്ന സങ്കീർണതകളും കുറച്ചൊന്നുമാകില്ല.
കാടിറക്കുന്ന ആദിവാസിൾക്ക് ആവശ്യമായ അടിസ്ഥാന സകര്യം, തൊഴിൽ, മെച്ചപ്പെട്ട വരുമാനം ഇതെല്ലാം സാധ്യമാക്കേണ്ടതുണ്ട്. നിലവിൽ തന്നെ ഇതര പട്ടിക ജാതി വിഭാഗങ്ങൾ വീടിനും മറ്റ് ആവശ്യങ്ങൾക്കുമായി സർക്കാരിന്റെ മുന്നിൽ സമരവുമായുണ്ട്.
കാടിനോട് ചേർന്ന് വീട് നൽകിയിട്ടും ഉൾവനത്തിൽ അന്തിയുറങ്ങാറുള്ള ആദിവാസികളെ കാടിറക്കി നാട്ടിൽ എത്തിക്കുന്പോഴുണ്ടാകുന്ന അവസ്ഥ എന്താകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. സർക്കാരിനു വേണമെങ്കിൽ ഘട്ടം ഘട്ടമായി മാത്രമേ ഇവരുടെ പുനരധിവാസം സാധ്യമാകൂവെന്നും ഈ രംഗത്ത് ഗവേഷണം നടത്തിയവർ ചൂണ്ടിക്കാട്ടുന്നു. ഇന്നും നാഗരികതയോടെ അടുപ്പം പുലർത്താത്ത ഒരു വിഭാഗം ആദിവാസികൾ വനമേഖലയിലുണ്ട്.