തൃശൂർ: കേന്ദ്രത്തിൽ അധികാരമുപയോഗിച്ച് നടത്തിയ വൻ അഴിമതികൾ മൂടിവയ്ക്കാനാണ് സിപിഎമ്മിനെതിരേ ബിജെപിയും ആർഎസ്എസും വ്യാജപ്രചാരണം നടത്തുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
മകനെതിരായ അഴിമതിക്കേസ് ഒത്തുതീർക്കുന്നതിനാണ് കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര മതിയാക്കി അമിത് ഷാ ഒളിച്ചോടിയത്. ഏറ്റവും വലിയ വ്യാപം അഴിമതി നടന്ന മധ്യപ്രദേശിലെ മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാനെത്തന്നെ പ്രസംഗിക്കാൻ കൊണ്ടുനടക്കേണ്ട ഗതികേടിലാണ് ബിജെപി. അമിത് ഷാ- നരേന്ദ്രമോദി- മോഹൻ ഭാഗവത് കന്പനിയാണ് ഇന്ത്യ ഭരിക്കുന്നത്. കൊട്ടിഘോഷിച്ച് നടത്തിയ നോട്ടുനിരോധനത്തിന്റെ യഥാർഥ ഗുണഭോക്താവ് അമിത്ഷായാണെന്ന് ഇപ്പോൾ തെളിഞ്ഞു.
അമിത് ഷായുടെ മകൻ ജയ് ഷായുടെ കന്പനിക്ക് അന്പതിനായിരം രൂപ മാത്രമായിരുന്നു വരുമാനം. കേന്ദ്ര സർക്കാർ വഴിവിട്ട് സഹായിച്ചതോടെ വരുമാനം 80.5 കോടിയായാണ് കുതിച്ചുയർന്നതെന്നും കോടിയേരി ആരോപിച്ചു. ജില്ലയിലെ മുതിർന്ന നേതാവ് കെ.കെ. മാമക്കുട്ടിയുടെ ഒന്നാംചരമവാർഷിക അനുസ്മരണവും സിപിഎമ്മിനെതിരായ ആർഎസ്എസ് -ബിജെപി നുണപ്രചാരണങ്ങൾക്കെതിരായ ബഹുജനകൂട്ടായ്മയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ഭരിക്കുന്ന ഒരു പാർട്ടി പ്രതിപക്ഷപാർട്ടിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി പ്രവർത്തനം സ്തംഭിപ്പിക്കുക എന്നതു ലോകത്ത് എവിടെയും കേട്ടുകേൾവി ഇല്ലാത്തതാണ്. സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. നേതാക്കളായ പി.കെ. ബിജു എംപി, ബി.ഡി. ദേവസി എംഎൽഎ, മുരളി പെരുനെല്ലി എംഎൽഎ, ബേബി ജോണ്, അന്പാടി വേണു, യു.പി. ജോസഫ്. എൻ.ആർ. ബാലൻ, മേയർ അജിത ജയരാജൻ, ആർ. ബിന്ദു, മേരി തോമസ്, പി.കെ. ഷാജൻ എന്നിവർ പങ്കെടുത്തു.