കണ്ണൂർ: കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോഴെല്ലാം വ്യത്യസ്തമായ ഭരണ നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളം വ്യത്യസ്തമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജില്ലാ ലൈബ്രറി കൗൺസിലും ജില്ലാ ലൈബ്രറി ഇഎംഎസ് ചെയറും സംയുക്തമായി കണ്ണൂർ ശിക്ഷക് സദനിൽ സംഘടിപ്പിച്ച “ഇഎംഎസിന്റെ ലോകം’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കോടിയേരി.
ഭൂപരിഷ്കരണം, കാർഷിക വികസനം, സ്ത്രീപദവി, സന്പൂർണ സാക്ഷരത, ജനകീയ ആസൂത്രണം, കുടുംബശ്രീ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ രാജ്യത്തിനുതന്നെ മാതൃകയാക്കിയതാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ. ഭൂപരിഷ്കരണം നടപ്പിലാക്കാൻ കഴിഞ്ഞുവെന്നതാണ് കേരളത്തെ വ്യത്യസ്തമാക്കുന്ന കാര്യം.
ജന്മിത്വവും ജാതിവ്യവസ്ഥകളും മതങ്ങൾ തമ്മിലുള്ള ആയിത്തവും തകർത്തെങ്കിലും സാന്പത്തിക ഉച്ചനീചത്വം നിലനിൽക്കുന്നുണ്ട്. ഇഎംഎസ് ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതികളുടെ ഭാഗമായാണ് പിണറായി സർക്കാർ പോലും പ്രവർത്തിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കവിയൂർ രാജഗോപാലൻ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എംപി, മേയർ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, പി.കെ. ബൈജു, ഡോ. സുധ അഴീക്കോട് തുടങ്ങിയവർ പ്രസംഗിച്ചു. ഇഎംഎസിന്റെ 108-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പന്തിഭോജനത്തിന്റെ സമകാലിക പ്രസക്തി,മൂലധനം-പുസ്തക രചനയിലെ വിപ്ലവം ഒക്ടോബർ വിപ്ലവം ലോക സാമൂഹ്യമാറ്റത്തിന് നൽകിയ പ്രചോദനം, നവകേരളവും ഇഎംഎസ് സർക്കാരും തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറും നടത്തി.