തിരുവനന്തപുരം: ബിഡിജെഎസ് എന്ന രാഷ്ട്രീയ പാർട്ടിയുമായി സിപിഎം ഒരു തരത്തിലുള്ള സഖ്യത്തിനുമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായത്തിന്‍റെയോ മതത്തിന്‍റെയോ പേരിലുള്ള രാഷ്ട്രീയ കക്ഷികളുമായി ഒരു തരത്തിലുള്ള സഖ്യവും പാടില്ലെന്ന് സിപിഎം നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ളതാണ്. പ്രതീക്ഷിച്ച പോലെ തന്നെ ബിഡിജെഎസ് തുടങ്ങിയത് ബിജെപിയുമായി സഖ്യം ചേരാനായിരുന്നു.
ഈ സഖ്യം അധികകാലം നീണ്ടുനിൽക്കില്ലെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയതാണ്. ബിഡിജെഎസ് പിരിച്ചുവിട്ട് എസ്എൻഡിപി സമുദായ അംഗങ്ങൾ ശ്രീനാരായണ ഗുരു വചനങ്ങൾ പ്രചരിപ്പിക്കുകയാണ് വേണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.