ചെങ്ങന്നൂർ: യുഡിഎഫ് വിട്ട കേരള കോണ്ഗ്രസ് എം എൻഡിഎ വിട്ട ബിഡിജെഎസ് എന്നീ പാർട്ടികളുമായി സിപിഎമ്മോ എൽഡിഎഫോ ചർച്ചകൾ നടത്തിയിട്ടില്ലെന്നും ഇവർ തങ്ങളെ സമീപിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ സ്വാഭാവികമായി ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങളും യുഡിഎഫ് സർക്കാരിന്റെ കാലത്തെ പ്രവർത്തനങ്ങളും ജനങ്ങൾക്കിടയിൽ ചർച്ചയാകും.
സാധാരണയായി സിപിഎം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷം മാത്രമാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തുക. എന്നാൽ ഇവിടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ സൗകര്യാർഥമാണ് പ്രഖ്യാപനം നേരത്തെ ഉണ്ടായത്. യുഡിഎഫ് ഇവിടെ ആദ്യം പി.സി.വിഷ്ണുനാഥിനെയും പിന്നീട് എം.മുരളിയേയും ഇപ്പോൾ ഡി.വിജയകുമാറിന്റെയും പേരുകൾ മാറ്റിമാറ്റി പറഞ്ഞിരിക്കുകയാണ് ഇനി അവസാന നിമിഷം മത്സരരംഗത്ത് മറ്റൊരു സ്ഥാനാർഥിയായിരിക്കുമോ എന്ന് ജനങ്ങൾക്കിടയിൽ സംശയമുണ്ട്.
യുഡിഎഫിന്റെ നിലവിലെ സ്ഥാനാർഥി നിർണയം മൃദുഹിന്ദുത്വ സമീപനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോണ്ഗ്രസ് എം , ജനതാദൾ യു എന്നിവരുടെ പിന്മാറ്റത്തോടെ യുഡിഎഫും ബിഡിജെഎസിന്റെ പിന്മാറ്റത്തോടെ എൻഡിഎയും കേരളത്തിൽ ദുർബലമായിരിക്കുകയാണ്. എന്നാൽ എൽഡിഎഫിന് രാഷ്ട്രീയമായി ആത്മവിശ്വാസം വർദ്ധിച്ച് വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെങ്ങന്നൂരിൽ സജി ചെറിയാന്റെ സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.