കൊല്ലം: പവിത്രേശ്വരം കൈതക്കോട് എരുതനംകാട്ടിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ബി. ദേവദത്തൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിക്കുന്നത് സമനില തെറ്റിയവരെപ്പോലെയാണന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു.
ബ്രാഞ്ച് സെക്രട്ടറി പ്രദേശത്ത് വ്യക്തിപരമായി ചില ക്രിമിനൽ സംഘങ്ങളുമായി ഉണ്ടാക്കിയെടുത്ത ബന്ധങ്ങളും അതിലുണ്ടായ വിള്ളലുകളുമാണ് കൊലപാതകത്തിന് കാരണമെന്നാണ് അറിയുവാൻ കഴിഞ്ഞത്. കൊലപാതകത്തെ തുടർന്ന് പിടിയിലായ ബ്രാഞ്ച് സെക്രട്ടറിയുടെ സമീപവാസി കൂടിയായ സുനിലിന് കോൺഗ്രസുമായോ കോൺഗ്രസ് പ്രവർത്തകരുമായോ യാതൊരു ബന്ധവുമില്ല.
വാസ്തവം ഇതാണെന്നിരിക്കെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രെസാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നതും പ്രതി പിടിയിലാകും മുൻപ് സിപിഎം നിർദേശ പ്രകാരം ഉന്നത പോലീസ് ഉദ്യോഗസ്ഥർ കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ കയറിയിറങ്ങിയതും ഗൂഡാലോചനയുടെ ഫലമായാണ്.
കൊലപാതകം നടന്നയുടൻ ചില പ്രാദേശിക സിപിഎം നേതാക്കൾ ബ്രാഞ്ച് സെക്രട്ടറിയും പ്രതിയും തമ്മിലുള്ള പൂർവകാല ബന്ധത്തെ മറച്ചു പിടിച്ച് പ്രതിയെ കോൺഗ്രസുകാരനായി ചിത്രീകരികരിക്കാൻ ശ്രമിച്ചതും ഇപ്പോൾ അത് സിപിഎം സംസ്ഥാന സെക്രട്ടറി ഏറ്റെടുത്തതും തീർത്തും അപലപനീയമാണ്.
ഇത്തരം പ്രസ്താവനകളിലൂടെയും വ്യാജപ്രചാരണങ്ങളിലൂടെയും രാഷ്ട്രീയ കലാപത്തിന് ആഹ്വാനം നൽകാനാണ് കോടിയേരി ശ്രമിക്കുന്നത്. വർഷങ്ങളായി സിപിഎമ്മിന്റെ ശക്തി കേന്ദ്രമായിരുന്ന പവിത്രേശ്വരത്ത് കോൺഗ്രസ് വളർന്നു വരുന്നതിൽ അസൂയപൂണ്ട സിപിഎം പ്രാദേശിക നേതൃത്വമാണ് കൊലപാതകം കോൺഗ്രസിനുമേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നതെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു.