തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ വോട്ടർപട്ടികയിൽനിന്നു പത്ത് ലക്ഷത്തോളം വോട്ടുകൾ നീക്കം ചെയ്തെന്ന ഉമ്മൻ ചാണ്ടിയുടെ ആരോപണത്തിൽ കഴന്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വോട്ടുകൾ നീക്കം ചെയ്തുവെന്ന് പറയുന്ന പത്ത് ലക്ഷം പേരുടെയും പേര് ഉമ്മൻ ചാണ്ടി പ്രസിദ്ധീകരിക്കട്ടെയും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളും ലഭിക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പരിഹസിച്ചു. പത്ത് ലക്ഷം പേരെ ഒഴിവാക്കിയത് എൽഎഡിഎഫ് ആണെന്ന് ഉമ്മൻ ചാണ്ടി പറയുന്നത് ശരിയല്ല. സംസ്ഥാന സർക്കാരിനു ഇതിൽ പങ്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതിൽ ഉത്തരവാദിത്വമെങ്കിലും അതുവഴി സർക്കാരിനെ കുറ്റപ്പെടുത്താനാണ് ഉമ്മൻ ചാണ്ടി ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
കള്ളവോട്ട് വിഷയത്തിൽ പഞ്ചായത്തംഗത്തെ അയോഗ്യയാക്കാൻ മീണയ്ക്ക് അധികാരമില്ല. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രമാണ് നടപടിയെടുക്കാൻ അധികാരം. മുഖ്യമന്ത്രി ആയതിനാൽ മാത്രമാണ് മീണയെ പിണറായി വിജയൻ പിന്തുണച്ചത്. കള്ളവോട്ട് ചെയ്യാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും കുറ്റക്കാരെ പാർട്ടി സംരക്ഷിക്കില്ലെന്ന് കോടിയേരി കൂട്ടിച്ചേർത്തു.