തലശേരി: ജനപ്രതിനിധികൾ അധികാരത്തിന്റെ ഗർവ് ഉപേക്ഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം തലശേരി ഏരിയാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ഭരണത്തിലിരിക്കുന്നവരാണ് നമ്മൾ. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അധികാരത്തിന്റെ ഗർവ് പ്രകടിപ്പിക്കരുത്.
അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ജനങ്ങൾക്കിടയിൽനിന്ന് പ്രവർത്തിക്കുന്നവരാകണം കമ്യൂണിസ്റ്റുകാർ. നിലവിലുള്ള ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാൻ നമുക്ക് സാധിക്കണമെന്നും കോടിയേരി പറഞ്ഞു.യുഡിഎഫിൽ തർക്കം രൂക്ഷമാണെന്നും പലർക്കും അവിടെ നിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്നും അതുകൊണ്ടു തന്നെ എൽഡിഎഫ് മുന്നണി വിപുലീകരിക്കും. കേരളത്തിൽ സിപിഎമ്മിന് ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചാലും മുന്നണി സംവിധാനം തുടരും.
ഇപ്പോഴും കേരളത്തിൽ ഇടതുപക്ഷത്തിന് 50 ശതമാനം സ്വാധീനമില്ല. ഇടതുപക്ഷം സ്വാധീനം വർധിപ്പിക്കണം. ശത്രുപക്ഷത്ത് പ്രവർത്തിക്കുന്നവരെ ക്ഷമാപൂർവം സമീപിക്കണം. എതിർചേരിയിലുള്ളവരെ ആകർഷിക്കാൻ പാർട്ടിപ്രവർത്തകർക്കു കഴിയണം. പ്രവർത്തിക്കാൻ കഴിയാത്ത പാർട്ടി അംഗങ്ങളെ ഒഴിവാക്കണം. പ്രവർത്തിക്കുന്നവർ രംഗത്തുണ്ടാകണം. വ്യാപകമായ സംഘർഷം സൃഷ്ടിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. അവരെ ജനങ്ങളെ അണിനിരത്തി നേരിടണമെന്നും കോടിയേരി പറഞ്ഞു.
ടി.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. കാത്താണ്ടി റസാഖ്, എം.സി.പവിത്രൻ എന്നിവർ പ്രസംഗിച്ചു. എൻ. ചന്ദ്രൻ , വി .ശിവദാസൻ, ടി. കൃഷ്ണൻ, എം. സുരേന്ദ്രൻ, കാരായി രാജൻ, എ.എൻ.ഷംസീർ എംഎൽഎ, സി.കെ രമേശൻ, കാരായി ചന്ദ്രശേഖരൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.