തിരുവനന്തപുരം : കന്നുകാലി കശാപ്പു നിരോധനത്തിലൂടെ രാജ്യത്തു ബ്രാഹ്മണരുടെ ഭക്ഷണ സംസ്കാരം അടിച്ചേൽപ്പിക്കാനാണു കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കന്നുകാലി കശാപ്പ് നിരോധനം രാജ്യത്തെ കുത്തക മുതലാളിമാരെ സഹായിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. കന്നുകാലി കശാപ്പു നിരോധനത്തിനെതിരേ ഇടതുമുന്നണി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലിനു ക്ഷാമമുണ്ടാക്കി വിദേശത്തു നിന്നും പാലും പാൽ ഉൽപ്പന്നങ്ങളും വൻതോതിൽ ഇറക്കുമതി ചെയ്യാ നുള്ള ശ്രമമാണു കേന്ദ്ര സർക്കാർ നടത്തുന്നത്. ഇതോടെ കർഷകർ ആത്മഹത്യ ചെയ്യേണ്ടിവരും. എന്നാൽ നരേന്ദ്ര മോദിയല്ല ആരു വിചാരിച്ചാലും കേരളത്തിൽ കന്നുകാലി കശാപ്പു നിരോധനം നടപ്പിലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണി കണ്‍വീനർ വൈക്കം വിശ്വൻ, സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം പന്ന്യൻ രവീന്ദ്രൻ, ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ്, എൽഡിഎഫ് നേതാക്കളായ സി. ദിവാകരൻ എംഎൽഎ, കെ.ഇ. ഇസ്മയിൽ, എ.നീലലോഹിതദാസൻ നാടാർ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സിപിഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ എന്നിവരും പങ്കെടുത്തു.