തൃശൂർ: കോണ്‍ഗ്രസിനേക്കാൾ അഴിമതിക്കാരല്ല, കേരള കോണ്‍ഗ്രസ് പാർട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം സംസ്ഥാന സമ്മേളനത്തിനിടെ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസിനോടുള്ള നയമല്ല കേരള കോണ്ഗ്രസിനോടുള്ളതെന്നും കോണ്‍ഗ്രസുമായി കൂട്ടുകെട്ട് അസാധ്യമാണെന്നും കോടിയേരി വ്യക്തമാക്കി.
കോണ്‍ഗ്രസിനേക്കാൾ അഴിമതിക്കാരല്ല, കേരള കോണ്‍ഗ്രസ്. കോണ്‍ഗ്രസിനോടുള്ള നയമല്ല കേരള കോണ്‍ഗ്രസിനോടുള്ളത്. കോണ്‍ഗ്രസുമായി കൂട്ടുകെട്ട് അസാധ്യമാണ്. ആ മുന്നണിയുമായി രാഷ്ട്രീയപരമായി യോജിപ്പില്ല. യുഡിഎഫിനെ ശിഥിലമാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. മാർക്സിസ്റ്റ് വിരുദ്ധ മുന്നണിക്കു കേരളത്തിൽ പ്രസക്തിയില്ലെന്നും കോടിയേരി പറഞ്ഞു.
സിപിഐ നിഴൽയുദ്ധം നടത്തുകയാണ്. തർക്കങ്ങളുണ്ടെങ്കിൽ നേരിട്ടു പറയുകയാണ് വേണ്ടത്. മാണി എൽഡിഎഫിലേക്കു വരുമെന്നു പറഞ്ഞിട്ടില്ല. ചർച്ചയുടെ പ്രസക്തി അദ്ദേഹം താത്പര്യമറിയിച്ചാൽ മാത്രമാണ്- കോടിയേരി വ്യക്തമാക്കി.
കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങൾ നേതൃതലത്തിലെ ആലോചനയുടെ ഫലമല്ല. പ്രാദേശികമായ വികാര പ്രകടനങ്ങളാണ് ഇത്തരം അക്രമങ്ങളിലേക്കു നയിക്കുന്നത്. വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് അക്രമങ്ങൾകൊണ്ടല്ല. പുതിയ സാഹചര്യത്തിൽ അക്രമങ്ങൾകൊണ്ട് പാർട്ടിക്കാണു നഷ്ടം. ഇത് അണികളെ ബോധ്യപ്പെടുത്തുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.